Saturday, August 27, 2011

സർപ്പക്കാവ്



ഇറ്റു തേനിൽ ചാലിച്ചെടുക്കാം
വാക്കുകൾ..
ചുണ്ടിൽ പകരുമീ വിഷത്തിന്റെ
കയ്പ്പു നീ അറിയാതിരിക്കാൻ..
ഒരു ചുംബനത്തിന്റെ ആലസ്യത്തിൽ 
നീ മിഴി പൂട്ടുമ്പോൾ 
ഒരു കരിനാഗമായി
ഞാൻ നിന്നിൽ പടരാം...
ഈ മധുരാനുഭൂതികളുടെ കയ്പ്പ്
നീയറിയുമ്പോഴേക്കും
നാഗത്തറയിലേക്ക് ഞാൻ മടങ്ങിപ്പോകും..
കാതോരം കൊഞ്ചുന്ന
തേന്മൊഴികൾക്കു പകരം
ശാപവചനങ്ങൾ ഇടിത്തീ പോലെ 
വീഴുമ്പോൾ,
മുത്തശ്ശിയുടെ വാക്കുകൾ നീ
തേങ്ങലോടെ ഓർക്കും..
നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..
നാഗത്താൻ വിഷം തീണ്ടും..







Sunday, August 14, 2011

സ്വാതന്ത്ര്യദിനം

രാവിലെ ടിവിയിൽ പതാകയുയർത്തുന്നതിന്റെ തൽസമയസംപ്രേഷണം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞുമോൻ ചോദിച്ചത്.


" അച്ഛാ.. ഇവർക്ക് ഈ പതാകയുയർത്തുന്നതിനു പകരം ഒരു പ്രാവിനെ പറത്തി വിട്ടാൽ പോരേ?”

“അതെന്താ മോനേ?" അച്ഛൻ ചോദിച്ചു.

“പ്രാവ് സമാധാനത്തിന്റെ പ്രതീകമാണല്ലോ..”

കുഞ്ഞുമോന്റെ മറുപടി കേട്ട് അച്ഛൻ ചിരിച്ചു. പിന്നെ സായുധധാരികളായി നിൽക്കുന്ന പോലീസുകാരെ ചൂണ്ടിക്കാണിച്ചു കൊടുത്തു.

“അതാ നോക്കൂ.. ക്രമസമാധാനത്തിന്റെ ഡ്യൂട്ടി അവർക്കാണ്. സമാധാനം പാലിക്കപ്പെടാൻ വേണ്ടി എന്തു ചെയ്യാനും ഇന്നവർക്ക് അധികാരമുണ്ട്. വെടിയുതിർക്കാൻ വരെ..”

“സമാധാനത്തിനു വേണ്ടി വെടി വെക്ക്വേ???”

കുഞ്ഞുമോൻ ഞെട്ടി. പത്തുവയസ്സിനു തീരെ ചേരാത്ത ആ മുഖഭാവം കണ്ട് അച്ഛൻ  ചിരിയമർത്തിക്കൊണ്ട് ചോദിച്ചു.

“അല്ല, പതാകയ്ക്കെന്താ മോനേ കുഴപ്പം?"

“ഇതു കണ്ടാൽ സ്വതന്ത്രപതാകയെ ഒരു തൂണിൽ പിടിച്ചു കെട്ടിയിട്ട പോലുണ്ട്..”

" ഹ..ഹ..ഹ..”  ഇത്തവണ അച്ഛനു ചിരിയടക്കാനായില്ല.

“സ്വാതന്ത്ര്യത്തിനെ അങ്ങനെ പറത്തി വിടാമോ മോനേ..  അങ്ങനെ ചെയ്താലതു നമ്മുടെ കൈവിട്ടു പോകും..” 

തമാശയായാണു പറഞ്ഞതെങ്കിലും അതിന്റെ ആന്തരാർത്ഥങ്ങളോർത്ത് അച്ഛൻ ചെറുതായൊന്നു ഞെട്ടാതിരുന്നില്ല.

അൽ‌പ്പസമയം ചിന്താകുലനായിരുന്ന ശേഷം കുഞ്ഞുമോൻ വീണ്ടും ചോദിച്ചു.

"അച്ഛാ.. ബ്രിട്ടീഷുകാർ അധികാരം തിരിച്ചു നൽകി എന്നു പറഞ്ഞാൽ ഇന്ത്യ സ്വതന്ത്രമായി എന്നു പറയാമോ? സ്വാതന്ത്ര്യം എന്നാൽ അധികാരമാണോ?”

“പിന്നേ.. അധികാരികൾക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ..”

ഇവനു വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു അപ്പോൾ അച്ഛന്റെ ആത്മഗതം
.
“അധികാരികൾക്കു മാത്രമോ... അപ്പോൾ ഇന്ത്യക്കാർക്കില്ലേ? സത്യത്തിൽ ആരാണച്ഛാ സ്വതന്ത്രരായത്? സ്വാതന്ത്ര്യദിനം എന്നതിനു പകരം അധികാരദിനം എന്നു പറഞ്ഞു കൂടെ?”

“ഒരു ദിവസം ഒഴിവു കിട്ടിയാൽ ടിവിക്കു മുന്നിൽ ചടഞ്ഞിരുന്നോളും.. പോയി പഠിക്കെടാ...”

അച്ഛന്റെ ശബ്ദത്തിന്റെ ടോൺ മാറിയതു കണ്ട് കുഞ്ഞുമോൻ പതുക്കെ എഴുന്നേറ്റു. ഇനി ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല.

“സ്വാതന്ത്ര്യദിനമാണത്രെ!! എനിക്കൊരു ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല!!! അച്ഛനല്ലേ സ്വാതന്ത്ര്യം! അല്ല, അധികാരം!!!!!“

മുറിയിലേക്ക് നടക്കുമ്പോൾ കുഞ്ഞുമോൻ പിറുപിറുക്കുന്നുണ്ടായിരുന്നു.

Monday, August 8, 2011

അയനം

വാക്കിന്റെ ചില്ലയിൽ
ഇപ്പോൾ പൂ വിടരാറില്ല..
വാടാത്ത പൂക്കൾ വിടരാറുള്ളൊരീ
ചില്ലകളിലിനി
കവിതയുടെ മൊട്ടുകളില്ല..
അക്ഷരരൂപത്തിലുള്ള
തളിരിലകളിലിപ്പോൾ
കട്ടപിടിച്ച ചോരയുടെ പാടുകൾ
തെളിഞ്ഞു കാണാം
പൂ പറിക്കാൻ നീണ്ടൊരാ
കുഞ്ഞു വിരലുകൾ
മുള്ളു കൊണ്ടു മുറിയുന്നു..
ഒരു തുള്ളി രക്തം കൂടി കിനിഞ്ഞിറങ്ങി
ഇലകൾ വീണ്ടും ചുവക്കുന്നു..
ഇനിയീ പൊയ്മുഖത്തിന്റെ ശവദാഹവും
സ്മാരക ശിലയിലെ 
എന്റെ പേരിനും ജനനത്തീയതിക്കും താഴെ
മരണത്തിന്റെ തീയതിയും
ഒരു പുനർജനിയുടെ സമയവും 
കുറിക്കാൻ കൂടി
വേണമെനിക്കീ
അക്ഷരപ്പൂമരത്തിന്റെ തണല്...
പൊന്മേഘങ്ങളെല്ലാം 
കണ്ണുകളിൽ നിന്നു
മാഞ്ഞു പോകുന്നു.
പുതുവെളിച്ചം തിരിനീട്ടുന്ന 
മിന്നാമിനുങ്ങുകളോടൊപ്പം
ഞാൻ യാത്ര തുടങ്ങുന്നു.

Monday, August 1, 2011

ശബ്ദിക്കുന്ന ശവങ്ങൾ


കഴുകനു അത്
ശവങ്ങൾ മാത്രമായിരുന്നു
അവനിതെത്ര കണ്ടതാ!
കൊത്തിവലിക്കുന്ന ശരീരങ്ങൾക്ക്
ഒരേ രൂപമാണ്...
വാർന്നൊഴുകുന്ന രക്തത്തിനു
ഒരേ നിറവും...
കഴുകനറിയുന്നുണ്ടോ..?
അതൊരു ഹിന്ദുവെന്ന്..
ക്രിസ്ത്യനെന്ന്..
മുസൽമാനെന്ന്..
"ഞങ്ങൾ മനുഷ്യരാണ്.."
ശവങ്ങൾ ശബ്ദിക്കുന്നുവോ..?

Saturday, July 23, 2011

ഭ്രാന്ത്

ഒഴുകാൻ മറന്നൊരു കടലാസുതോണി.. 
പൊട്ടിയ സ്ലേറ്റ് പെൻസിൽ.. 
വക്കു പൊട്ടിയ കണ്ണൻചിരട്ട.. 
ചിതറിയ വളപ്പൊട്ടുകൾ.. 
ഒരു പക്ഷിത്തൂവൽ.. 
എത്ര ശ്രമിച്ചിട്ടും, ഇവയെ
 കുടിയൊഴിപ്പിക്കാനാവാഞ്ഞതിനാൽ 
ഞാനെന്റെ മനസ്സിനെ ചില്ലുകൂട്ടിലാക്കി 
പുരാവസ്തുപ്രദർശനശാലയിലേക്കയച്ചു. 
ആത്മാവ് നഷ്ടപ്പെട്ട ശരീരത്തിനുള്ളിൽ 
പുതിയൊരു റോബോട്ട് ജന്മമെടുത്തു.. 
അന്നുമുതൽ, എന്റെ ലോകവും 
യാന്ത്രികതയുടേതായി.. 
അന്നുതന്നെയാണ്, 
ഞാൻ പൂർണ്ണസുഖം പ്രാപിച്ചുവെന്ന് 
ഭ്രാന്താശുപത്രിയിലെ ഡോക്ടർമാർ
സ്ഥിരീകരിച്ചതും! 

Monday, July 18, 2011

യാത്ര

ഒരു മെഴുകുതിരിയായ് എരിഞ്ഞു തീരുന്നീ ജീവിതം
ഈ ജനപ്രവാഹത്തിൽ അലിഞ്ഞ്
ഒരു തുള്ളിയായി ഞാനും....
വിട പറഞ്ഞകലും പകലിൻ നെറുകിലെ
മായും സിന്ദൂരച്ചാർത്തിനെ നോക്കി
ചക്രവാളത്തെയും മറികടക്കാൻ വെമ്പും
വെണ്മുകിൽ പക്ഷിയെ പോലെ
മൌനരാഗങ്ങളും ആലപിച്ചാർദ്രമായ്
ഏകയായ് നിൽക്കുമീ ശോകാർദ്രസന്ധ്യയിൽ
എൻ മോഹച്ചിരാത് കരിന്തിരി കത്തുന്നു
വർണ്ണസ്വപ്നങ്ങൾ തൻ ചില്ലുകൂടുടഞ്ഞു പോയ്..
എന്റെയാത്മാവിൽ മുറുകുന്ന തന്ത്രികൾ
പാഴ്ശ്രുതി മാത്രം മീട്ടുന്നു പിന്നെയും..
നഷ്ടസ്വർഗ്ഗങ്ങൾ തൻ ഓർമ്മകളും പേറി
ഏകയായ് ഞാനെന്റെ യാത്ര തുടരുന്നു...
വിധി തട്ടിത്തകർത്തൊരെൻ സങ്കൽപ്പസൌധവും,
സ്മൃതികളായ് മാറുന്നു മോഹത്തിൻ സ്വർഗ്ഗവും......
................................................................

നഷ്ടസ്വപ്നങ്ങളേ നിങ്ങളോടോതുവാൻ
മൂകയാത്രാമൊഴി മാത്രം

Thursday, July 14, 2011

മിഴിനീർപ്പൂക്കൾ

വിജനമീ വീഥിയിൽ വ്യഥകളേന്തി
വിധിയോടു പൊരുതുവാനായിടാതെ
വിധുരയായ് നിൽപ്പൂ ഞാനേകയായി
വിഹ്വലയായ്, വിധി തീർക്കും നൊമ്പരമായ്

വിരഹമെൻ മിഴിയിലൊരു നീർക്കണമായ്
സുരഭിയാം ഭൂമിയതേറ്റു വാങ്ങി
വെൺചന്ദ്രലേഖയാ നീർക്കണത്തിൽ
രജതാർദ്രകിരണങ്ങൾ തൂകി നീളെ

വിജനമാം വിരഹാദ്ര വീഥികളിൽ
വിഭ്രമചിത്തയായലയുന്നു ഞാൻ
വിഹ്വലമാം ദു:ഖത്തിൻ പ്രേയസിയായ്
മായാമരീചികയിലണയുന്നു ഞാൻ

വിധിയല്ല, ഗതകാലയോഗമല്ല; ഇതു
വിറയാർന്ന മനസ്സിന്റെ ഗതിവിലാസം
വരുകില്ല മനതാരിലൊരു നാളിലും
വിലലാപഗദ്ഗദമകലുന്ന നാൾ

വിടരില്ലൊരിക്കലും നീയെനിക്കായ്
പ്രണയത്തിൻ നിറമാർന്ന പുഷ്പമായി
വിധി തൻ കരാളഹസ്തങ്ങളാലെ
വിടരുന്നതിൻ മുമ്പിറുത്തു നിന്നെ

വിടരാതെ പോയ കിനാക്കളെ ഞാൻ
മനസ്സിന്റെ കോണിലൊളിപ്പൂവിന്നും
ഇതളായി എൻ മനം വിടരുവാനായ്
അഴകേ നീയേറെ കൊതിച്ചതല്ലേ..

Monday, July 4, 2011

കവിയുടെ കവിത


ആരാണീ കവി?
അപഥചാരികൾക്ക് വിളക്ക് തെളിക്കാൻ
നിശാദൗത്യമേറ്റെടുക്കുന്നവനല്ല കവി.
ഉന്മാദനൃത്തമാടുന്ന നഗര യക്ഷികൾക്ക്
തലമറന്ന് ചാമരം വീശുന്നവനല്ല കവി.
പട്ടണപ്പരിഷകൾ ഇര തേടിയെത്തുന്ന നേരങ്ങളിൽ 
പുല്ലാങ്കുഴലൂതി വെറുതേ ചിരിക്കുന്നവനല്ല കവി.

നീതിയുടെ സിര മുറിയുമ്പോൾ
നിലവിളി നെഞ്ചിലുടക്കി
പൊരുതി നിൽക്കുന്നവനാണ് കവി.
ഇരുളുകൾ ചുരമാന്തി ചുരമിറങ്ങുമ്പോൾ
അക്ഷരങ്ങളിൽ വാളോങ്ങി
കാവൽ നിൽക്കുന്നവനാണ് കവി.
ശ്വാസോച്ഛ്വാസശേഷിയുള്ള ശവങ്ങൾ
പെരുവഴിയിൽ കൂർക്കം വലിക്കുമ്പോൾ
പഴങ്കഥയിലെ നാടോടി മന്നനെപ്പോലെ
വിയർത്തധ്വാനിക്കുന്നവനാണ് കവി

എന്താണീ കവിത?
പ്രതികാരത്തിനായ് വെമ്പുമൊരു കണ്ണകിയുടെ 
ചിലമ്പാണീ കവിത.
ചരിത്രത്തെ ചൂണ്ടി നിൽക്കുന്ന ഏകലവ്യന്റെ 
വിരലാണീ കവിത.
മരച്ചുവട് വിട്ടിറങ്ങുന്ന ബോധോദയത്തിന്റെ
വെളിവാണീ കവിത.

ദുരന്തദൂരങ്ങൾ ലക്ഷ്യമാക്കുന്ന
കപ്പലോട്ടത്തിന്റെ വേഗമാണീ കവിത.
പ്രേതഭൂവിലൂടൊരു യാത്രയാണീ കവിത.
സ്വപ്നങ്ങളിലൊരു പൊട്ടിത്തെറിയാണീ കവിത.

കവിത കൊല ചെയ്യപ്പെടുമ്പോൾ
കുരിശുമരണമാഘോഷിക്കുന്നവൻ കവിയല്ല.
വിധിക്കപ്പെട്ട് കരഞ്ഞ് കഴിയുന്ന
മുനികുമാരനുമല്ല കവി.

പിന്നെയാരാണീ കവി.
ചരിത്രത്തിന്റെ പടയൊരുക്കം കാണുന്ന
കണ്ണാണ് കവി.
എന്താണ് കവിത?
വേലിയേറ്റത്തോടൊപ്പം വേഗം കൂടുന്ന 
തിരമാലയാണ് കവിത.

Thursday, June 23, 2011

അവരോഹണം



നാല്: ഒരു കൈക്കുടന്ന നിറയെ ചോര
ഇതെന്റെ ജ്യേഷ്ഠനുള്ള തർപ്പണം.
അർഘ്യമായി നല്കുന്നത് കറുകപ്പുല്ലല്ല.
കരൾ പിളരും കാലത്തിന്റെ കുടൽമാല
അക്ഷതം വെക്കുവാൻ അരിമണിക്കു പകരം
ഖഡ്ഗം പിളർന്ന ഹൃദയത്തിലെ മാംസത്തുണ്ടുകൾ....

മൂന്ന്: ക്രിസ്തുവിൻ മുൾക്കിരീടത്തിനു മേൽ
ഒരിരുമ്പാണി കൂടി തറയ്ക്കപ്പെടുന്നു.
നോവാറിയിട്ടില്ലാത്ത ദൈവപുത്രനു മേൽ
ഷാംപെയിനിന്റെ കുമ്പസാരം.
അറുപതിൻ വൈദികനു ജ്ഞാനസ്നാനം ചെയ്യാൻ
പതിനാറിന്റെ ആർത്തവരക്തം..
തുടങ്ങുന്നു മറ്റൊരു യുദ്ധം...

രണ്ട്: ചേർത്തു വെക്കാൻ ഒരു ഹൃദയമില്ലാതെ
അലയുന്നു ചിലർ..
ഹൃദയത്തിൻ നടുവിലെ
തമോഗർത്തങ്ങളിലടിയുന്ന, കുരുടർ ചിലർ..
തങ്ങളിലില്ലാത്ത നീതി 
ചുറ്റും പരതുന്നത് മറ്റു ചിലർ..

ഒന്ന്: യുദ്ധഭൂമിയിൽ ചിതറിയ ഒരു ശരീരം
ചേർത്തു വെക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ..
കൈകൾ, കാലുകൾ, തലച്ചോറ്, ഉടൽ.....
ഹൃദയം മാത്രം കണ്ടു കിട്ടിയില്ല..
കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല..!

Tuesday, June 21, 2011

ഒരു മധ്യപക്ഷക്കാരനാകുന്നതിനു പിന്നിലെ രഹസ്യാർത്ഥങ്ങൾ

ഇനി വയ്യ, കൂട്ടുകാരി
അപക്വമായ പുതുലോകത്തിന്റെ
വിപ്ലവ വർത്തമാനങ്ങൾ..
ക്രൂരതയുടെ സന്യാസിമാർ
ഇളം കുഞ്ഞിന്റെ ഹൃത്തിനെ തകർക്കുന്നു.
മരുപ്പച്ചയിൽ പുരണ്ട രക്തം മായ്ക്കാൻ
കടും നിറമുള്ള വീഞ്ഞൊഴിച്ചു കൊടുക്കുന്നു.
അവരുടെ വളർത്തു പട്ടികൾക്ക് വിശപ്പടക്കാൻ
തുടിക്കുന്ന കരളും നനഞ്ഞലിഞ്ഞ നയനങ്ങളും.
അവർക്കു കണ്ണടക്കാൻ ചന്ദനശവപ്പെട്ടിയും
ഇവർക്കെല്ലാം വകഞ്ഞുമാറ്റിയ തെരുവുകളും.

ഇനി വയ്യ, കൂട്ടുകാരി
അപക്വമായ പുതുലോകത്തിന്റെ
സമാധാന സമവാക്യങ്ങൾ..
എന്നമ്മ സ്വതന്ത്രയായിട്ടും പുനർജനിക്കുന്ന
പാർട്ടികളുടെ രക്തസാക്ഷികൾ.
സഖാക്കന്മാർക്കെല്ലാം ഒത്തുകൂടാൻ
അനുസ്മരണ ദിനമുണ്ടാക്കിയവർ..
അന്നു നമുക്കൊരുഗ്രൻ ശാപ്പാടുണ്ടാക്കണം
കൊഴുപ്പിക്കാൻ വെടിക്കെട്ടും നാടകവുമാകാം
അന്നു നമുക്കു രക്തസാക്ഷിയുടമ്മേനേം 
ക്ഷണിക്കണം, ആഘോഷിക്കട്ടെയവരും.
പിന്നെ നശിപ്പിച്ച പൊതുമുതലുകളുടെ 
കണക്കുകളും സമ്മാനദാനവും.
മറന്നുപോയൊരു പഴമയിൽ ചായമടിച്ച്
പുതിയൊരു വിപ്ലവവുമാകാം

കൂട്ടുകാരീ, എന്റെ നിഗമനങ്ങളിലിനി
വരുന്ന ചിന്തകളാണ്
അമിതപ്രകാശം പതിച്ചവരുടെ
കണ്ണുകൾക്ക് നരബാധിച്ചിരിക്കുന്ന
അത്യഹങ്കാരത്തിന്റെ സൂചിമുനകളാൽ
ഭൂമിയിൽ ഗർത്തങ്ങളുണ്ടാക്കുന്നു.
അത്യാഗ്രഹത്തിന്റെ അസ്ത്രമുനകളാൽ
പാവങ്ങളുടെ ഞരമ്പുകളറുക്കുന്നു.
പാപത്തിൻ വരം വരിച്ചവരുടെ ഹൃദയവും 
ക്രൂരതയുടെ ആത്മാവും ഒന്നായിരിക്കുന്നു.
കൂട്ടുകാരി, നമുക്കാശിക്കാം 
അത്യുഷ്ണത്താലവരുടെ സിരകളൊന്നായി
അലിഞ്ഞു പോകട്ടെ
ഇരുമ്പുലകളാൽ സാത്താന്മാരൂതുന്ന
നരകങ്ങളവർക്കായി മാറ്റി വെക്കാം.

കൂട്ടുകാരി, ഇനി നമുക്കൊരു
മധ്യപക്ഷത്തിൻ ചിന്തകൾ രചിക്കാം.
സഹനത്തിന്റെ മുൾക്കിരീടവും
പാപമേറ്റെടുക്കലിന്റെ കുരിശുമെടുക്കാം.
പ്രവാചകന്റെ സമാധാന 
സമവാക്യങ്ങളും ആ ക്ഷമയുമെടുക്കാം.
പാലാഴി കടഞ്ഞുകിട്ടിയൊരമൃതും
കാർമുകിൽ വർണ്ണന്റെ കുസൃതിയുമെടുക്കാം.
ഖലീഫാ ഉമറിന്റെ പുൽപ്പായയും
ലാളിത്യത്തിന്റെ സിംഹാസനവുമെടുക്കാം.
ഗാന്ധിജിയുടെ വീക്ഷണവും
മാർക്സിന്റെ സാമ്പത്തിക നീതിയും
എല്ലാമെല്ലാം നമുക്ക് കരുതാം.
കൂട്ടുകാരി, എന്നിട്ടവരെ വിളിക്കൂ
ഞാൻ കാണിച്ചു കൊടുക്കാം 
ഭൂമിയിൽ എങ്ങിനെയാണ്
സ്വർഗരാജ്യമുണ്ടാക്കുക എന്ന്.

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.