Thursday, May 19, 2011

സാഗരസംഗീതം
ഒരു കൽവിളക്കിന്റെ നാളമായി
അറിയാതെ മാനസം നിന്നു തേങ്ങി
ഹൃദയത്തിൽ മായാതെ നിന്നോർമ്മകൾ
മനസ്സിലൊരു സാഗരം തീർക്കയാണോ?

ഹൃദയത്തിൽ കണ്ണീരിനലകളായി
എന്നുമീയോർമ്മകൾ ചിറകടിക്കേ
ഒരു നോക്കു കാണുവാൻ മാത്രമായി
അകലെയങ്ങലയുന്നു എൻ മനസ്സും

നഷ്ടങ്ങളെരിയുമീ മൺചിരാതിൽ
നഷ്ടസ്വർഗ്ഗങ്ങൾ തൻ പടുതിരിയായ്
അണയാതെ എരിയുന്നു ഞാനേകയായ്
കനലായി, നിനവിന്റെ ശാപമായി

നിറവാർന്ന സ്വപ്നത്തിൻ സംഗീതമായ്
അലയടിച്ചുയരുമീ സ്നേഹരാഗം
വിരഹത്തിൻ കാറ്റിലൊരു പാഴ്ശ്രുതിയായ്
അകലുന്നുവോ, വിണ്ണിലണയുന്നുവോ..

പ്രണയാർദ്രനൊമ്പരം തേങ്ങുമെന്റെ
മനസ്സിന്റെ സാഗരവീഥികളിൽ
ഒരു മുഖം മാത്രം തിളങ്ങി നിന്നൂ..
അറിയാതെ സ്നേഹം ജ്വലിച്ചുയർന്നൂ..

തിരകൾ തൻ താരാട്ടു കേട്ടുറങ്ങും
കടലിന്റെ ഏകാന്തനീലിമയിൽ
മിഴിനട്ടു നിന്നു ഞാനേകയായി
വിരഹത്തിൻ ഏകാന്തദു:ഖവുമായ്

57 comments:

കണ്ണന്‍ | Kannan said...

#നഷ്ടങ്ങളെരിയുമീ മൺചിരാതിൽ
നഷ്ടസ്വർഗ്ഗങ്ങൾ തൻ പടുതിരിയായ്#

നഷ്ടങ്ങളെല്ലാം അങ്ങിനെ എരിഞ്ഞ് ഇല്ലാതാവട്ടെന്നേ......
സ്വർഗ്ഗം നഷ്ടായിട്ടില്ല, അതു ഉടനെയെത്തുമെന്നേ..

മഹേഷ്‌ വിജയന്‍ said...
This comment has been removed by the author.
മഹേഷ്‌ വിജയന്‍ said...

ജീവിതത്തില്‍ ഒരുപാട് തവണ എപ്പോഴൊക്കെയോ എനിക്കും തോന്നിയിട്ടുള്ള ഫീലിങ്ങ്സ്‌. അത് തന്നെ ആണിത്....
എങ്കിലും ഈ വേദനകള്‍ എനിക്കിഷ്ടമാണ്...
കവിതയെ കുറിച്ച് ആധികാരികമായി പറയാന്‍ അറിയില്ല. പക്ഷെ, വരികള്‍ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു, അല്ല ഫീല്‍ ചെയ്തു...
ആശംസകള്‍...

ഹകീം ചെറൂപ്പ (മോന്‍സ്) said...

"തിരകൾ തൻ താരാട്ടു കേട്ടുറങ്ങും കടലിന്റെ ഏകാന്തനീലിമയിൽ
മിഴിനട്ടു നിന്നു ഞാനേകയായി വിരഹത്തിൻ ഏകാന്തദു:ഖവുമായ്"

കവിത നന്നായി.. താന്‍ എകയാണെന്നു കടലിനോടു ഒരിക്കലും പറയരുത്... തീരത്ത് തലതല്ലി തിരിച്ചു പോവുന്ന തിരമാലകള്‍ പറയുന്നത് എന്താണെന്നറിയോ?.. "നിങ്ങളുടെ ദുഖങ്ങള്‍ എനിക്ക് തന്നോളൂ..പകരം ഞാന്‍ ഒത്തിരി പ്രതീക്ഷകള്‍ തരാം..." കാലമോരുപാടായി ഈ കടല്‍ ദുഃഖങ്ങള്‍ ഏറ്റുവാങ്ങാന്‍ തുടങ്ങിയിട്ട്.. അതുകൊണ്ടാണല്ലോ കടലിനു കണ്ണീരിന്റെ ഉപ്പുരസം..

Noushad Koodaranhi said...

varatte, ellaam shariyaakum....

ismail chemmad said...

തിരകൾ തൻ താരാട്ടു കേട്ടുറങ്ങും
കടലിന്റെ ഏകാന്തനീലിമയിൽ
മിഴിനട്ടു നിന്നു ഞാനേകയായി
വിരഹത്തിൻ ഏകാന്തദു:ഖവുമായ്


nice lines.......

രമേശ്‌ അരൂര്‍ said...

എഴുതാന്‍ പ്രണയം അല്ലാതെ വേറെ ഒരു വിഷയവും ഇല്ലേ ?അധികമായാല്‍ അമൃതും വിഷം...വൈവിധ്യമില്ലാത്ത എഴുത്ത് ബോറടിപ്പിക്കും ..

kARNOr(കാര്‍ന്നോര്) said...

ഈ തേങ്ങലും മോങ്ങലും വിരഹവും ദുഃഖവും ഒക്കെ നിർത്തി ഇച്ചിര പോസിറ്റീവായിക്കൂടെ എഴുതു കൊച്ചേ.. ഞങ്ങളു വായിക്കട്ടെ

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

നല്ല പദവിന്യാസം. വായിക്കുവാന്‍ സുഖമുണ്ട്. പക്ഷേ, ആശയം കുറച്ചൂടെ ശക്തമാക്കാമായിരുന്നു....

പാമ്പള്ളി
www.pampally.com

Anonymous said...

നല്ല കവിത...പ്രണയം,വിരഹം എല്ലാം നന്നായി...

K@nn(())raan*കണ്ണൂരാന്‍.! said...

ഒരു പുതുമയുമില്ലാത്ത കുറെ വരികള്‍
ഇത് കവിതയാണെങ്കില്‍ ലളിതഗാനത്തെ എന്ത് വിളിക്കും എന്ന് പറഞ്ഞുതരൂ.

@ മഹേഷ്‌ വിജയന്‍:
കണ്ണൂരില്‍ സെന്‍ട്രല്‍ജയിലുണ്ട്. അത് മറക്കേണ്ട.
ഹഹഹാ..!

വഴിമരങ്ങള്‍ said...

കവിതയില്‍ വേനല്‍ വീഴാതെ നോക്കൂ,ഇനിയും പെയ്യാത്ത മഴ,കാത്തിരിപ്പ്,ജലരേഖ,സാഗര ഗീതം...എല്ലാ കവിതകളിലും കണ്ണീരും,കാത്തിരിപ്പും,നിരാശയും.....കവിത ആവര്‍ത്തനമാകുന്നത് അറിയാതെ പൊകുന്നത്, എഴുത്ത് വ്യായാമമാകുന്നതിന്റെ ലക്ഷണമാണെന്ന് വിശ്വസിക്കുന്നു.

''ആകെ നനഞ്ഞു കുതിർന്ന ശേഷമാണ്
ഞാനറിഞ്ഞത്
അങ്ങിനെയൊരു മഴ പെയ്തിട്ടേയില്ലെന്ന്! ...നല്ല വരികള്‍

Slartibartfast said...

i hope u know what u r doing. there's more to life than romance,roses and letters.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

:)

ബൈജൂസ് said...

വായിച്ചു. കൊള്ളാം.

പ്രജോഷ്കുമാര്‍ കെ said...

എന്നും ഒരേ വിഷയം,എന്നാണ് അഞ്ജുവിന്റെ ദുഖങ്ങളും,വിരഹവും,പ്രണയവും ഒക്കെ തീര്‍ന്നു മറ്റു വിഷയങ്ങളെ കുറിച്ച് എഴുതുന്നത്‌.അന്ന് വന്നു വായിക്കാം. സമയ നഷ്ടം എങ്കിലും ഒഴിവാക്കാമല്ലോ. ഇല്ലാത്ത വിരഹവും, പ്രണയ നിരാശയും കൃത്രിമമായി ശ്രിഷ്ടിച്ചു ഒരുപാട് പേര്‍ ഒരുപാട് എഴുതിയ ഒരേ വരികള്‍ വീണ്ടും എഴുതുമ്പോള്‍ കവിതയ്ക്ക് തീവ്രഥ പോരാതെ വരുന്നു. അഥീനയുടെ കാമുകന്‍ പോലെ നല്ല കൃതികള്‍ ബൂലോഗത്തിനു കിട്ടാതെയും വരും.

Ashraf Ambalathu said...

ഒരു പ്രവാസി എന്ന നിലക്ക് വിരഹവും, ദുഖവും, ഏകാന്തതയുമെല്ലാം എനിക്ക് നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ചില വരികള്‍ അറിയാതെ എപ്പോഴോ മനസ്സില്‍ മൂളി പോകാറുണ്ടെന്നു തോന്നി. ആശംസകള്‍, കവിതക്കും രചയിതാവിനും.

ഞാന്‍ said...

നല്ല പാട്ട് .........

ആളവന്‍താന്‍ said...

ഉം...

രഘുനാഥന്‍ said...

നല്ല കവിത

anupama said...

പ്രിയപ്പെട്ട കൂട്ടുകാരി,

ഈ മഴയില്‍ നനഞ്ഞ പ്രഭാതത്തില്‍ ഒന്നേ ആശംസിക്കാനുള്ള്...

നഷ്ട പ്രണയം തിരിച്ചു കിട്ടട്ടെ...പ്രണയം മാത്രമല്ല ജീവിതം!ഒരു പുരുഷനും സന്തോഷത്തിന്റെ അവസാന വാക്കല്ല. :)

ഈശ്വരന്‍ കനിഞ്ഞു നല്‍കിയ പൂക്കളും കിളികളും പുഴകളും കണ്ടു ആസ്വദിക്കൂ..നന്മയും സ്നേഹവും നിറഞ്ഞ കലര്‍പ്പില്ലാത്ത പ്രണയം കിട്ടുന്നുണ്ടെങ്കില്‍ അതൊരു ബോണസ്!

ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

മഹേഷ്‌ വിജയന്‍ said...

കിങ്ങിണിക്കുട്ടിയുടെ ഏതൊരു പോസ്റ്റിന്റെയും ട്രേഡ് മാര്‍ക്ക് അഥവാ സ്ഥായിയായ ഭാവങ്ങളാണ് പ്രണയം, വിരഹം, നഷ്ടം, നൊമ്പരം, ഏകാന്തത, ദുഃഖം തുടങ്ങിയ ലോല വികാരങ്ങള്‍..
അത് പോലെ ഏതൊരു പോസ്റ്റിലും കിങ്ങിണിക്ക് ഒഴിച്ച് കൂടാനാവാത്ത ചില വാക്കുകള്‍ ആണ് ഹൃദയം, കണ്ണുനീര്‍, തേങ്ങ ക്ഷമിക്കണം തേങ്ങല്‍, സ്വപ്നം, മൌനം, ആത്മാവ്, കാത്തിരുപ്പ്. ഈ വാക്കുകള്‍ ഒന്നും ഇല്ലാതെ കിങ്ങിണിക്കുട്ടിക്കു എന്ത് പോസ്റ്റുകള്‍...?

അത് കൊണ്ട് ഈ ബ്ലോഗില്‍, പ്രണയവും വിരഹവും മാത്രമേ ഉള്ളൂ എന്ന് നമ്മള്‍ വായനക്കാര്‍ ദയവായി വിമര്‍ശിക്കരുതെന്നു വിനീതമായി അപേക്ഷിക്കുന്നു... അങ്ങനെ ചോദിക്കുന്നത് കള്ള് ഷാപ്പില്‍ ചെന്ന് സോപ്പ് പൊടി ഉണ്ടോ എന്ന് ചോദിക്കുന്നത് പോലെ ആകും... ദയവായി നമ്മള്‍ മനസിലാക്കണം...

ഈ ബ്ലോഗ്‌ സത്യത്തില്‍ പ്രണയവും വിരഹവും ഒരു പോലെ മനസ്സില്‍ സൂക്ഷിച്ചിട്ടുള്ളവര്‍ക്ക് വേണ്ടിയാണ്... ആവര്‍ത്തന വിരസം എന്ന് തോന്നാമെങ്കിലും, ഒരിക്കലും ഈ പോസ്റ്റുകള്‍ ആവര്‍ത്തനത്തിന്റെ വിരസത ഉണര്തുന്നില്ല എന്നും നമ്മള്‍ മനസിലാക്കണം. നമ്മള്‍ മിക്കവരും എല്ലാ ദിവസവും ചായ കുടിക്കാറില്ലേ? എന്നിട്ട് നമ്മള്‍ക്ക് മടുക്കുന്നുണ്ടോ? അത് പോലെ തന്നെ ആണിത്... പ്രണയം ഒരു ചായ പോലെ ആണ്.. വിരഹമാകട്ടെ മധുരമില്ലാത്ത , കടുപ്പം കൂടിയ ചായയും... വണ്‍വെ പ്രണയം എന്നത് കട്ടന്‍ ചായ(പാലില്ലാത്ത) പോലെയാണ്...

കിങ്ങിണിക്കുട്ടി, ആരെന്തു പറഞ്ഞാലും ശരി, നീ പിന്മാറരുത്‌... പ്രണയത്തെ കുറിച്ച്, ദുഖത്തെകുറിച്ച് മാത്രമേ എഴുതാവൂ... ദുഖമേ നിന്റെ മറ്റൊരു പേരാണല്ലോ പ്രണയം...
ആത്മഗതം: അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കുക...

@കണ്ണൂരാന്‍,
കണ്ണൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉണ്ട് എന്ന് കരുതി അഹങ്കരിക്കുകയൊന്നും വേണ്ട കേട്ടോ. അത്രയൊന്നും വരില്ലെലും ഒന്നൊന്നര ജയിലുകള്‍ ഞങ്ങളുടെ കോട്ടയത്തും ഉണ്ട്. എപ്പോള്‍ വേണേലും ആര്‍ക്കും കേറി ചെന്ന് അകത്തു കിടക്കാന്‍ പറ്റുന്ന ഒന്നാന്തരം ജയിലുകള്‍. മാത്രവുമല്ല, ഇപ്പോള്‍ ജയില്‍ പുള്ളികളെ ഒക്കെ ബ്ലോഗിങ്ങ് പഠിപ്പിക്കുവാന്‍ പോകുകയാണ് അത്രേ... പഠിപ്പിക്കുവാന്‍ നല്ല ചുറു ചുറുക്കുള്ള ബ്ലോഗ്ഗര്‍മാരെ വേണം. ജയില്‍ പുള്ളികള്‍ എല്ലാം ചേര്‍ന്ന് താങ്കളുടെ പേരാണത്രേ മുന്നോട്ടു വെക്കുന്നത്... ഉണക്ക സിഗരറ്റും വലിച്ചു കൊണ്ടുള്ള താങ്കളുടെ സുന്ദരക്കില്ലാടി മുഖമാത്രേ അവരെ കൂടുതല്‍ ആകര്‍ഷിച്ചത്. :-)

musthuഭായ് said...

കവിത അസ്സലായിട്ടുണ്ട് കിങ്ങിണീ,,,..മനോഹരമായ വരികൾ……പ്രണയവും ഏകാന്തതയും വിരഹവുമൊക്കെ ഉറ്റ മിത്രങ്ങളാണെന്ന് തോന്നുന്നു…..എല്ലാ പോസ്റ്റിലും അവ നിഴലിച്ച് നിൽക്കുന്നുണ്ട്…

തിരകൾ തൻ താരാട്ടു കേട്ടുറങ്ങും
കടലിന്റെ ഏകാന്തനീലിമയിൽ
മിഴിനട്ടു നിന്നു ഞാനേകയായി
വിരഹത്തിൻ ഏകാന്തദു:ഖവുമായ്....ഈ വരികൾ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു……ഇത് വായിച്ചപ്പോൾ മുമ്പെവിടെയോ വായിച്ച ചില വരികൾ ഓർമ്മ വന്നു…അത് ഇവിടെ കുറിക്കട്ടെ……

ദു:ഖമാണെങ്കിലും നിന്നെകുറിച്ചുള്ള ദു:ഖമെന്താനന്തമാണെനിക്കോമനേ……
എന്നുമെൻ പാനപാത്രം നിറക്കട്ടെ
നിൻ അസാന്നിദ്ധ്യം പകരുന്ന വേദന……

കിങ്ങിണിക്കുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു......

AFRICAN MALLU said...

:-)

അലി said...

കവിതയും കമന്റുകളും ആസ്വദിച്ചു.

Ranjith Chemmad / ചെമ്മാടന്‍ said...

പഴയകാല സ്കൂൾ കയ്യെഴുത്തു മാസികകളിൽ ഇതിലുംമനോഹരമായ കവിതകൾ വായിക്കാൻ കഴിയും....
കവിതയിലെ ആശയങ്ങളിലും ഘടനയിലും ബിംബങ്ങളിലുമെല്ലാം വിപ്ളവകരമായ വരുന്ന മാറ്റങ്ങളൊന്നും നമ്മുടെ ബ്ളോഗർമാർ കണ്ടില്ലെന്നു നടിക്കുന്നത്, അല്ലെങ്കിൽ പിറകിലേയ്ക്ക് നടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു...

കിങ്ങിണിക്കുട്ടിയിൽ നിന്നും കാമ്പുറ്റ കവിതകൾ പ്രതീക്ഷിക്കുന്നു...

Ranjith Chemmad / ചെമ്മാടന്‍ said...
This comment has been removed by the author.
ചന്തു നായര്‍ said...

രമേശ് അരൂരിനോടൊപ്പം നിൽക്കാൻ മാത്രമേ എനിക്കിപ്പോൾ കഴിയൂ... അരെയും വേദനിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ലാ...കിങ്ങിണിക്കുട്ടിയിൽ നിന്നും കാമ്പുറ്റ കവിതകൾ പ്രതീക്ഷിക്കുന്നു..

SHANAVAS said...

പറയാന്‍ ഉദ്ദേശിച്ചത് കണ്ണൂരാന്‍ മുന്നേ പറഞ്ഞു കഴിഞ്ഞു.കാമ്പുള്ള രചനകള്‍ നടത്തൂ.ആശംസകള്‍.

ishaqh ഇസ്‌ഹാക് said...

ഈണമുള്ള കവിത!
നന്നായി..:)

SUDHI said...

ഹോ .......
എന്നാ പറയാനാ ന്നേ ...
ഈ കൊച്ചിനെ ആരാണ്ടോ പ്രേമിച്ചെന്നോ ....
ഇപ്പൊ അങ്ങേരെ കാണാനില്ലെന്നോ ... മറ്റോ ....?
ദേ എന്നിട്ടിപ്പോ..
ഈ കൊച്ചു ബ്ലൂലോകത്തില്‍ വന്നു കവിതകളും കഥകളുമെഴുതി കരയുന്നു ...
അപ്പൊ കൊച്ചു കേള്‍ക്കാന്‍ വേണ്ടി പറയുവാന്നേ ....
പോയവന്‍ പോയെങ്കില്‍ പോട്ടെന്നെ നമുക്ക് അച്ഛനോടുപറഞ്ഞു പുതിയതൊന്നു വാങ്ങാം ..എപ്പടി ...
............................................
അഞ്ചു ഈ കവിത ഇഷ്ടായി , വരികള്‍ക്ക് നല്ല ഇണക്കമുണ്ട് , നല്ല താളവും ,ലളിതാത്മകതയും ....
പക്ഷെ .. അപൂര്‍ണ്ണമായ ഒരു സൃഷ്ട്ടിയായി തോന്നി .. നിര്‍ത്തിയത് ശരിയായ സ്ഥലതാണോ എന്നൊരു തോന്നല്‍ ... തുടക്കവും ഒടുക്കവും ഏതു സൃഷ്ട്ടിക്കും പ്രധാനമാണ് ... വായിച്ചു തീര്‍ന്നിട്ടും കവിത തീരാത്തത് പോലെ .....അല്‍പ്പം കൂടി ശ്രദ്ധിക്കണേ .... ഭാവുകങ്ങള്‍ ..!!

ജീ . ആര്‍ . കവിയൂര്‍ said...

സാരമില്ല കുറച്ചു നാള്‍ ഒന്ന് എഴുതാതെ തപസ്സില്‍ ഏറ്റു വാക്കുകളെ അവ വളരട്ടെ മുളയിലെ നുള്ളാതെ അല്‍പ്പം ക്ഷമിക്കു പിന്നെ മൊട്ടിട്ടു വിരിയട്ടെ കവിതയായി ,കിങ്ങിനിക്ക് കവിത മനസ്സിലുണ്ട് ഒന്ന് കുടി ശ്രമിക്കു എന്ന് കരുതി പഴയത് പോലെ ഡിലിക്റ്റ് ചെയ്യാന്‍ നില്‍ക്കരുതേ
you can write better dont get frustraited be happy we are all with you

Vinnie said...

hey kinginikutti,

Pls don't be too sad for anything.be optimistic...god,your parents,we all are here to support you..

Anonymous said...

പ്രണയം വേണ്ട എന്നല്ല... എന്നാലും അതു മാത്രമാണോ കവിതയിലും കഥയിലും മറ്റും വിരിയേണ്ടത് നമ്മുടെ ചുറ്റുപാടിലും എന്തൊക്കെ വിഷയങ്ങളുണ്ട്... അതിലേക്കും ഒന്നു കണ്ണോടിക്കൂ താങ്കൾക്ക് എഴുതാൻ കഴിയും സമൂഹത്തിലെ തിന്മക്കെതിരെ നന്മയുടെ ഇത്തിരി വെട്ടം കൊളുത്തൂ വായക്കാരിൽ അത് പുതിയൊരു ചിന്താമണ്ഡലം തുറക്കാനുപകരിക്കുമെങ്കിൽ..... ശ്രമിച്ചു നോക്കൂ...........ആശംസകൾ..

വീ കെ said...

:)

കണ്ണന്‍ | Kannan said...

എന്തായിത് എല്ലാരും കൂടി എഴുത്ത്കാരിയെ ഉപദേശിച്ച് കൊല്ലുകയാണോ... എന്താണ് വീണ്ടും വീണ്ടും ഒരേ വിഷയം തന്നെ എഴുതിയാൽ??? പ്രണയവും വിരഹവും ഏകാന്തതയും മഴയും മഞ്ഞും ഒക്കെ ഇഷ്ടമുള്ളവരുമുണ്ട് വായനക്കാരുടെ കൂട്ടത്തിൽ...
എഴുത്തിൽ വായനക്കാരന്റെ താല്പര്യമല്ല എഴുത്ത്കാരിയുടെ താൽപ്പര്യമാണ് മുഖ്യം.....
പിന്നെ ഈ എഴുത്തും എഴുത്ത്കാരിയുടെ ജീവിതവും കൂട്ടിവായിക്കാതെ ഇരുന്നുകൂടേ(കുറച്ച് പേരോടാ)

Shukoor said...

നല്ല വരികള്‍.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

നിറവാർന്ന സ്വപ്നത്തിൻ സംഗീതമായ്
അലയടിച്ചുയരുമീ സ്നേഹരാഗം
വിരഹത്തിൻ കാറ്റിലൊരു പാഴ്ശ്രുതിയായ്
അകലുന്നുവോ, വിണ്ണിലണയുന്നുവോ..?

കൊമ്പന്‍ said...

നഷ്ടങ്ങളെരിയുമീ മൺചിരാതിൽ
നഷ്ടസ്വർഗ്ഗങ്ങൾ തൻ പടുതിരിയായ്
അണയാതെ എരിയുന്നു ഞാനേകയായ്
കനലായി, നിനവിന്റെ ശാപമായി
ന്‍റെ കിങ്ങിണി ഇങ്ങനെയുള്ളതൊക്കെ വെറും തോന്നലുക ളാ

മഹേഷ്‌ വിജയന്‍ said...

@കണ്ണന്‍,

വായനക്കാരുടെ താല്പര്യത്തിനു അനുസരിച്ച് അഭിപ്രായം പറയരുത് എന്നാണു എങ്കില്‍ പിന്നെ എന്തിനാണ് കമന്റ് ബോക്സ് ഓപ്പണ്‍ ആക്കി വെക്കുന്നത്..? അതും പോട്ടെ, കമന്റ് മോഡറേഷന്‍ ഉണ്ടല്ലോ, എഴുത്തുകാരിക്ക് താല്പര്യം ഇല്ലാത്ത കമന്റു ഉണ്ടെങ്കില്‍ അപ്പ്രൂവ് ചെയ്യേണ്ട ആവശ്യവും ഇല്ലല്ലോ? അതിനര്‍ത്ഥം ഇവിടെ പബ്ലീഷ് ആകുന്ന എല്ലാ കമന്റിലും കിങ്ങിണിക്കുട്ടിക്കു കുഴപ്പം ഇല്ല എന്നര്‍ത്ഥം. എന്നിട്ടും താങ്കളുടെ ഭാഷയില്‍ കുറ്റം മുഴുവനും വായനക്കാര്‍ക്ക്...

അഞ്ചു എഴുതുന്നതു വായിച്ചു അവ വ്യക്തിപരമെന്നു വായനക്കാരന് തോന്നിയാല്‍ അത് എഴുതുകാരിയുടെ കുഴപ്പമാണ്, വായനക്കാരന്റെത് അല്ല. അഥവാ വ്യക്തിപരമെന്നു തോന്നുന്ന കമന്റിനോട് അഞ്ജുവിന് താല്പര്യം ഇല്ല എങ്കില്‍ പബ്ലീഷ് ചെയ്യാതിരിക്കാന്‍ ആണല്ലോ കമന്റു അപ്പ്രൂവല്‍ ആ കുട്ടി വെച്ചിട്ടുള്ളത്‌.

(കൊലുസ്) said...

ഇതെന്താ ഒരു കവിത എഴുതിയതിനാ എല്ലാരുംകൂടി ആന്റിയെ കുറ്റം പറയുന്നേ? ആന്റീ അടുത്ത കവിതയുമായ്‌ വേഗ വാ കേട്ടോ. ആശംസകള്‍

ente lokam said...

aashamsakal.....

കുമാരന്‍ | kumaran said...

:)

ജിത്തു said...

പ്രണയത്തിന്‍റെ ദുഖം , കവിത കൊള്ളാം
നമുക്ക് മനസ്സിനു സന്തോഷം തോനുന്നത് , അല്ലെങ്കില്‍ നമ്മള്‍ എഴുതാന്‍ ഇഷ്ടപെടുന്നത് എഴുതുക എന്നതാണല്ലോ പ്രദാനം
അതോണ്ട് എഴുത്ത് തുടരട്ടെ

elayoden said...

"തിരകൾ തൻ താരാട്ടു കേട്ടുറങ്ങും
കടലിന്റെ ഏകാന്തനീലിമയിൽ
മിഴിനട്ടു നിന്നു ഞാനേകയായി
വിരഹത്തിൻ ഏകാന്തദു:ഖവുമായ്"

പ്രതീക്ഷകള്‍ കൈ വിടാതെ മുന്നോട്ടു പോവുക, തിരിച്ചടികള്‍ പുഞ്ചിരിയോടെ നേരിടുക..വിരഹവും ഏകാന്തതയും എല്ലാം മാറികിട്ടും.

വിഷയം പ്രണയവും, ഏകാന്തതയും ആണെങ്കിലും, ഒരു പാട് നല്ലവരികളോടെ ലളിതമായി എഴുതി. ഇനിയും എഴുതാനാവട്ടെ, മറ്റു വിഷയങ്ങളോടൊപ്പം പ്രണയവും!!!!!!! ആശംസകളോടെ..

Anand Palassery Aravindan said...

Kavitha vallare nannayittundu kuttiee
Thante kunju kusruthikal kelkkaaan aagrahikkunnu... Like pranaya lekhana business, Aadhya rthriyulla para, etc...

Kallinu touchingsu poley edakku athum kurachaakammm....

MyDreams said...

പ്രണയം വേദനയാണ് എങ്കിലും ഒരികളും മടുകാത്ത വികാരമാണ് അത് കൊണ്ട് തന്നെ അതിനെ കുറിച്ച് വീണ്ടും വീണ്ടും പറയുന്നു ...
നല്ല പ്രണയ കവിതകള്‍ ,കഥകള്‍ എപ്പോഴും വായിക്കപെടുന്നു
എന്നാല്‍ ഈ കവിത നാല് വരിയില്‍ കൂടുതല്‍ വായനെ മുന്നോട്ടു കൊണ്ട് പോകുന്നില്ല ...

BINDU said...

പ്രിയ സ്നേഹിതേ...
പ്രണയത്തെ മാത്രം ഇത്രമേല്‍ പ്രണയിക്കരുത്
ഭാവുകങ്ങള്‍

Jazmikkutty said...

അഞ്ജുവിന്റെ കവിതകളില്‍ എനിക്കേറെ ഇഷ്ട്ടമായത് ഇതാണ്...വിരഹിണിയായ ഒരു പ്രണയിനിയുടെ ചിന്തകള്‍ കവിതാശകലമായി മനോഹരമായി എഴുതിയിരിക്കുന്നു..അഭിനന്ദനങ്ങള്‍...

ഓ ടോ.ആ പാട്ട് എടുത്തു മാറ്റിയത് നന്നായി.അല്ലേല്‍ കവിത വായിക്കാന്‍ കഴിയുമായിരുന്നില്ല...

തൂവലാൻ said...

എല്ലാ ദുഖത്തിൽ നിന്നും ഒളിച്ചോടി ഞാൻ ഇവിടെ വന്നു..ഇവിടെയും ദുഖം..എനിക്കു വയ്യ...

pushpamgad kechery said...

'സ്നേഹത്തിനു വേണ്ടി ആരേയും വേദനിപ്പിക്കരുത്. വേദനിപ്പിക്കാൻ വേണ്ടി ആരേയും സ്നേഹിക്കരുത്. പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ...'
വാക്കുകള്‍ക്കും അതീതമായി പ്രണയത്തെ ഒരു ധ്യാനം പോലെ കൊണ്ടുനടക്കുന്ന ഈ കുട്ടിക്ക് ഇങ്ങനെയല്ലാതെ എങ്ങനെ എഴുതാനാകും !
പ്രണയവും വിരഹവും ഇല്ലാതെ എന്തുണ്ട് മൊഴി മാറ്റി ചിന്തിക്കാന്‍ !
മനസ്സിലുള്ളതും മനസ്സിന് പ്രിയപ്പെട്ടതും ഇനിയും എഴുതിക്കൊണ്ടിരിക്കൂ ...
കൂടുതല്‍ ഉയരങ്ങളില്‍ പറന്നുയരൂ...
ആശംസകള്‍ .........

Saranya said...

I happened to read this today. Very Interesting. Good work!
Saranya
http://worldofsaranya.blogspot.com/
http://foodandtaste.blogspot.com/

കിങ്ങിണിക്കുട്ടി said...
This comment has been removed by the author.
ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഏകാന്തത ഇത്രമേല്‍ പ്രിയമാകുന്നതെന്തുകൊണ്ടാണ്?
ഓര്‍മ്മകള്‍ വേട്ടയാടുന്നത് കൊണ്ടോ?
എരിയും മനം കനലാകുന്നത് കൊണ്ടോ?

റാണിപ്രിയ said...

http://ranipriyaa.blogspot.com/2010/07/ente-kavitha.html#links

ഏകാന്തത എന്നിക്കും ഇഷ്ടമാണ് ...ഒരുപാട് ഒരുപാട്...

pushpamgad said...

അഞ്ജുവിന്റെ തമ്പുരു വീണ്ടും വിരഹശ്രുതി മീട്ടുന്നു.

അവന്‍ അവളുടെ ആര്‍ദ്രമായ ഹ്ര്ദയം വീണ്ടും വീണ്ടും തഴുകട്ടെ.
അതാണ് ഈ തെറ്റിനുള്ള ശിക്ഷ.

കിങ്ങിണിക്കുട്ടി said...

വിലയേറിയ നിർദ്ദേശങ്ങൾ തന്ന എല്ലാവർക്കും നന്ദി

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.