Monday, May 16, 2011

ജലരേഖ

എന്നോ അനാഥമായ
ഇന്നലെകളിൽ, 
കൈവിട്ട
ഹൃദയത്തിന്റെ മുഴക്കം, 
കാതുകളിൽ 
വന്നലയ്ക്കുന്നു..

കണ്ണുകളെ തനിച്ചാക്കി
കണ്ണുനീർ യാത്രയാകുമ്പോൾ;
പറയാനുള്ളത്-

ചിതറിത്തെറിക്കുന്ന
നഷ്ടസ്വപ്നങ്ങളുടെ കഥ.....
മരവിച്ച ശരീരത്തെ വിട്ടൊഴിയാൻ മടിക്കുന്ന
ആത്മാവിന്റെ കഥ.....
മൗനം ചടഞ്ഞു കൂടിയ 
വാക്കുകളിലെ 
നിസ്സഹായത.....

കരിപുരണ്ട 
കാലടികളിലമർന്ന്
അറ്റു പോയ 
വിണ്ണിന്റെ സിരകളിൽ 
നിലയ്ക്കാത്ത രക്തപ്രളയം.....

ഒടുവിൽ,
നിസ്വാർഥതയുടെ
മൂടുപടമണിഞ്ഞ്
പുറംമോടിയുടെ 
പുതുമോടിയിൽ നിന്ന്
മുഖം തിരിക്കുമ്പോൾ
ആരേയോ തേടുന്ന 
പാദപതനത്തിൽ 
വിറയ്ക്കുന്ന ശബ്ദത്തിൽ
വീണ്ടും.....
എങ്ങോ അലിഞ്ഞില്ലാതാകുന്ന
ഹൃദയത്തിന്റെ മുഴക്കം.....

44 comments:

കണ്ണന്‍ | Kannan said...

ഹൊ ഈ ലൈൻസ് നന്നായിട്ടുണ്ട്..
#കണ്ണുകളെ തനിച്ചാക്കി
കണ്ണുനീർ യാത്രയാകുമ്പോൾ#

ഒരു ആത്മാവ് കഥ പറയുന്നത് പോലെ തോന്നിച്ചു

അനുരാഗ് said...

എങ്ങോ അലിഞ്ഞില്ലാതാകുന്ന
ഹൃദയത്തിന്റെ മുഴക്കം.....നന്നായിട്ടുണ്ട് കവിത

kutty_chatthan said...

വരികള്‍ ചാട്ടുളി പോലെയുണ്ട്, സുഹൃത്തെ താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു,,,,,,,

Vinnie said...

നന്നായിട്ടുണ്ട്...:)

തൂവലാൻ said...

നിനയാതെ കണ്ണുനീർ വിറയാർന്ന നിന്നുടെ
മിഴിയിണയിൽ വിട ചൊല്ലി തേങ്ങുന്നതെന്തേ?
ഇതു ഞാൻ കഴിഞ്ഞ കവിതയിൽ വായിച്ചു..ഇപ്പൊൾ....
കണ്ണുകളെ തനിച്ചാക്കി
കണ്ണുനീർ യാത്രയാകുമ്പോൾ;
പറയാനുള്ളത്-
നല്ല സാമ്യം..ആ ചട്ടക്കൂടിന്റെ ഉള്ളിൽ ഒതുങ്ങിപ്പോവുകയാണോ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

തന്റെ ചില കവിതകള്‍ ഒക്കെ വായിച്ചട്ടുണ്ട്. തിരക്കു പിടിച്ച വായനയില്‍‌ കൊള്ളാം എന്ന് തോന്നിയിട്ടുണ്ട്. പലപ്പോഴും അഭിപ്രായം എഴുതാന്‍ സാധിക്കാറില്ല. പക്ഷെ, ഈ കവിത, തുറന്ന് പറയട്ടെ, എനിക്കെന്തോ തട്ടിക്കൂട്ട് പോലെ ഫീല്‍ ചെയ്തു. കവിതയുടെ ഒരു വായനാസുഖവും തോന്നിയില്ല. ക്ലീഷേ ആയ ചില വാക്കുകള്‍‌, പഴകിതേഞ്ഞ ചില സന്ദര്‍ഭങ്ങള്‍‌.. എഴുതാന്‍ വേണ്ടി എഴുതിയ പോലെ. ഇഷ്ടമായില്ല.

(എനിക്കിഷ്ടമായില്ല എന്നതിനു മോശമാണു എന്നര്‍ത്ഥമില്ലാട്ടോ, എന്റെ വായനയുടെ നിലവാരക്കുറവാവാം)

ചന്തു നായര്‍ said...

ഹൃദയത്തിന്റെ മുഴക്കം....നന്നായി

ഉമേഷ്‌ പിലിക്കോട് said...

നന്നായിട്ടുണ്ട് കവിത

ente lokam said...

Best wishes....

Jazmikkutty said...

gaanathinte maadhuryavum,maanthrikathayum kavithaye aaswadikkaan kazhiyaathaakkunnu kinginee...

kazhchakkaran said...

മൗനം ചടഞ്ഞു കൂടിയ
വാക്കുകളിലെ
നിസ്സഹായത.....


ഹോ... സമ്മതിച്ചു തന്നു... കിങ്ങിണിക്കുട്ടീ.. എല്ലാവർക്കും വരും ഇതുപോലെ ഒരവസ്ഥ എൻറെ മനസ്സിനെ സ്പർശിച്ചു.. കൂടുതൽ ഉയരത്തിലേക്കു താങ്കൾക്ക് യാത്ര ചെയ്യാൻ സാധിക്കട്ടെ.. എല്ലാ ഭാവുകങ്ങളും നേരുന്നു.

വിപിൻ. എസ്സ് said...

complete -ve ano meanings. onnum sarikku angottu manasilayilla.. nte kuttam alla enthayalum..

ഷബീര്‍ (തിരിച്ചിലാന്‍) said...

ആശംസകള്‍...

സീത* said...

കണ്ണുകളെ തനിച്ചാക്കി കണ്ണുനീർ യാത്രയാകുമ്പോൾ....നല്ല വരികൾ

Noushad Koodaranhi said...

എങ്ങോ അലിഞ്ഞില്ലാതാകുന്ന
ഹൃദയത്തിന്റെ മുഴക്കം.....

appol ini baakkiyaakunnathu...?

SUDHI said...

ശലഭച്ചിറകുള്ള പക്ഷീ .. അല്ലല്ല ..
ലോഹച്ചിറകുള്ള പക്ഷീ ... ഛീ ..അതുമല്ല ...
സ്വപ്നച്ചിറകുള്ള ശലഭമേ ..... ഹായ് ...ശരിയായി ...ല്ലേ ..

ഇപ്പോള്‍ ഇവിടെ കേട്ട ആ ശബ്ദം....അതു ഈ ഹൃദയത്തിന്റെ മുഴക്കമായിരുന്നോ ..?
വരികളെനിക്കിഷ്ട്ടായി...ബലേ..ഭേഷ് ..

SUDHI said...

ശലഭച്ചിറകുള്ള പക്ഷീ .. അല്ലല്ല ..
ലോഹച്ചിറകുള്ള പക്ഷീ ... ഛീ ..അതുമല്ല ...
സ്വപ്നച്ചിറകുള്ള ശലഭമേ ..... ഹായ് ...ശരിയായി ...ല്ലേ ..

ഇപ്പോള്‍ ഇവിടെ കേട്ട ആ ശബ്ദം....അതു ഈ ഹൃദയത്തിന്റെ മുഴക്കമായിരുന്നോ ..?
വരികളെനിക്കിഷ്ട്ടായി...ബലേ..ഭേഷ് ..

Anonymous said...

whre is u r husband, now a days he is not in u r poems, also u r aneesh surname also gne, hw sad, madness is also a disease na

മഴയിലൂടെ........, said...

ശലഭമേ നന്നായിരിക്കുന്നു......

Ashraf Ambalathu said...

ആദ്യമായിട്ടാണ് ഞാനിവിടെ.
വായിച്ചു, ഹൃദയ സ്പര്‍ശിയായ നല്ല വരികള്‍.
ആശംസകള്‍.

Echmukutty said...

ആശംസകൾ!

നികു കേച്ചേരി said...

>>കണ്ണുകളെ തനിച്ചാക്കി

കണ്ണുനീർ യാത്രയാകുമ്പോൾ;

പറയാനുള്ളത്-<<
:))
>>കരിപുരണ്ട

കാലടികളിലമർന്ന്

അറ്റു പോയ

വിണ്ണിന്റെ സിരകളിൽ

നിലയ്ക്കാത്ത രക്തപ്രളയം.....<<
:((((

Thooval.. said...

കണ്ണുകളെ തനിച്ചാക്കി
കണ്ണുനീർ യാത്രയാകുമ്പോൾ
good.

ജീ . ആര്‍ . കവിയൂര്‍ said...

ആശംസകൾ!

രമേശ്‌ അരൂര്‍ said...

ഈ ബ്ലോഗിന്റെ ബ്രാന്‍ഡ്‌ അമ്ബാസിടരായ ശലഭത്തിന്റെ ശരിയായ പേര്‍ എന്താണ് ???..ശിശിരം ?..ലോഹം ?സ്വപ്നം ? മനസിന്റെ ചാഞ്ചല്യം വരികളിലും കാണാം..
"അങ്കുശമില്ലാത്ത ചാപല്യമേ
മണ്ണില്‍ അംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍ " എന്ന് ചങ്ങമ്പുഴ പാടിയത് ശരിവയ്ക്കാന്‍ ശ്രമിക്കുകയാണോ അന്ജൂ..?

elayoden said...

"കണ്ണുകളെ തനിച്ചാക്കി
കണ്ണുനീർ യാത്രയാകുമ്പോൾ;
പറയാനുള്ളത്-"

നഷ്ട സ്വപനങ്ങളുടെ കഥ പറയാന്‍ ഹൃദയ മുഴക്കത്തോടെയുള്ള വാക്കുകള്‍. കവിത ഇഷ്ട്ടമായി.. ഈ ശലഭം സ്വപ്ന ചിറകില്‍ കൂടുതല്‍ ഉയരങ്ങളില്‍ പറക്കട്ടെ

ajith said...

കിങ്ങിണിക്കുട്ടീ, ആശയസമ്പുഷ്ടമല്ല ഈ കവിത എന്ന് വായനയില്‍ തോന്നുന്നു.

ameerkhan said...

നല്ല വരികള്‍......... ആശംസകള്‍.........

SheebaRamachandran said...

മൗനം ചടഞ്ഞു കൂടിയ വാക്കുകളിലെ നിസ്സഹായത ഹൃദയം തിരിച്ചറിഞ്ഞു....
"നീ എന്ന സത്യം ആണ് ഞാന്‍ എന്ന മിഥ്യയുടെ പ്രാണ വായു."

Vayady said...

കിങ്ങിണിക്കുട്ടി,
ദേഷ്യം തോന്നില്ലെങ്കില്‍ ഞാനൊരു കാര്യം പറയട്ടെ? കവിത അത്രയ്ക്ക് ഇഷ്ടമായില്ല. എന്തൊക്കെയോ പറഞ്ഞു. ഒന്നും മനസ്സില്‍ തട്ടിയില്ല.

musthuഭായ് said...

ശലഭത്തിന്റെ ഹൃദയം കൊള്ളാം……നല്ല വരികൾ……പക്ഷെ അത്ര അർത്ഥ പൂർണ്ണമല്ല എന്ന് തോന്നുന്നു….കുറേ നല്ല പ്രയോഗങ്ങൾ കൊണ്ടുള്ളൊരു കവിത…..അങ്ങനെയാ തോന്നിയത്…….ഒരു പക്ഷെ എനിക്ക് മനസ്സിലാവാഞ്ഞിട്ടാണോ ആവോ..അറിയില്ല........
..............ആശംസകൾ…….

ഞാന്‍ said...

എനിക്ക് മനസ്സിലായത്‌
കൈവിട്ട ഹൃദയം,കണ്ണുനീര്‍ത്തുള്ളി,നഷ്ടസ്വപ്നങ്ങള്‍, മൌനം, നിസ്സഹായത,മുറിവുകള്‍,ഇത്രയും പ്രശ്നങ്ങള്‍ക്ക് കാരണം അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു.വായിക്കുന്നവര്‍ക്ക് ഒന്നും ചെയ്യാനില്ല.അന്വേഷണത്തെ തടസ്സപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക.

ഈ കവിതയോട്‌ യോജിച്ചാലും ഇല്ലെങ്കിലും

കണ്ണുകളെ തനിച്ചാക്കി
കണ്ണുനീർ യാത്രയാകുമ്പോൾ

എന്ന ഈവരികള്‍ നന്നായിരിക്കുന്നു.

സഫീര്‍ ബാബു said...

വേദനയുടെ നനവുള്ള ഈ അക്ഷരങ്ങള്‍ വായിക്കുമ്പോള്‍
സ്വന്തം ഇന്നലെകളുടെ മഴ തോരാത്ത മൂവന്തികള്‍ ഓര്‍മ വരുന്നു..
കനവുകള്‍ ഉറ്റി ത്തീരാത്ത ആ നനഞ്ഞ ഉമ്മരപ്പടികളിരിക്കുമ്പോള്‍ നീ പറഞ്ഞ എന്നോ അനാഥമായ ഹൃദയത്തിന്‍റെ മുഴക്കം കാതുകളില്‍ വന്നലക്കുന്നു..

കിങ്ങിണിക്കുട്ടിക്കു നന്ദി..

മരിച്ചു പോയ ഇന്നലെകളിലേക്ക് ഒരു നിമിഷമെങ്കിലും കൂട്ടിക്കൊണ്ടു പോയതിനു..

ഭാവുകങ്ങള്‍..

musafirvl@gmail.com

വര്‍ഷിണി said...

ചിതറിത്തെറിക്കുന്ന
നഷ്ടസ്വപ്നങ്ങളുടെ കഥ.....
മരവിച്ച ശരീരത്തെ വിട്ടൊഴിയാൻ മടിക്കുന്ന
ആത്മാവിന്റെ കഥ.....
മൗനം ചടഞ്ഞു കൂടിയ
വാക്കുകളിലെ
നിസ്സഹായത.....

നല്ല വരികള്‍ അഞ്ചൂ...ആശംസകള്‍.

സ്ഥലത്തെ പ്രധാന പയ്യന്‍സ് !! said...

"ഭാവുകങ്ങള്‍"

"ആശംസകള്‍"

"വളരെ നന്നായിട്ടുണ്ട്"

"മനസിനെ സ്പര്‍ശിച്ചു"

പോസ്റ്റ്‌ വായിച്ചുനോക്കാതെ കമന്റിടുമ്പോള്‍ കോപ്പി പേസ്റ്റ്‌ ചെയ്യാവുന്ന ഇത്തരം ആയിരത്തിലേറെ വാചകങ്ങള്‍ അടങ്ങിയ ഒരു വേര്‍ഡ്‌ ഫയല്‍ എന്റെ സിസ്റ്റത്തില്‍ നിന്ന് അബദ്ധത്തില്‍ ഡിലീറ്റായിപ്പോയ വിവരം വ്യസനസമേതം ഏവരെയും അറിയിച്ചുകൊള്ളുന്നു. ഇവിടെ കമന്റിടുന്ന ആരുടെയെങ്കിലും കൈവശം അത്തരം ഫയലുകള്‍ ഉണ്ടെങ്കില്‍ ദയവായി അയച്ചുതരിക.

വിലാസം: പയ്യന്‍സ്@ഫീമെയില്‍.കോം

[നാശം!! ഈ കനകമുന്തിരികള്‍ ഒന്നു നിര്‍ത്താന്‍ എന്തുവേണം? ശലഭവും ചിറകുമൊക്കെ വേറെ പല പാട്ടിലുമുണ്ട്.]

നാമൂസ് said...

ചില വരികള്‍/പ്രയോഗങ്ങള്‍ മനോഹരമായിരിക്കുന്നു.
ആശംസകള്‍.

ഒരില വെറുതെ said...

ജലമര്‍മരം
വാക്കുകള്‍ക്കിടയിലെ
ഓരോ മൌനത്തിലും.

മുകിൽ said...

കരിപുരണ്ട
കാലടികളിലമർന്ന്
അറ്റു പോയ
വിണ്ണിന്റെ സിരകളിൽ
നിലയ്ക്കാത്ത രക്തപ്രളയം.....

മഹേഷ്‌ വിജയന്‍ said...

സത്യത്തില്‍ കിങ്ങിണിക്കുട്ടി ഈ കവിത കൊണ്ട് എന്താണ് ഉദ്ദേശിച്ചത് ?
ഇന്നലകളില്‍ എന്നോ ആര്‍ക്കോ കൊടുത്ത ഹൃദയം(സ്നേഹം) പക്ഷെ ഒന്നും തിരികെ കിട്ടാതായപ്പോള്‍ ഉള്ള സങ്കടം. ( ആ സ്നഹേം എഴുതി തള്ളിയവനോട് പോകാന്‍ പറ..അല്ല പിന്നെ...)
നഷ്ടപ്പെട്ടു പോയ സ്വപ്നങ്ങളും വേര്‍പാടിന്റെ നൊമ്പരവും പിന്നെ നിസ്സഹായതയും അവളെ കരയിക്കുന്നു...
അതേ അവള്‍ക്കു മുറിവേറ്റിരിക്കുന്നു...ആ മുറിവുകളില്‍ രക്തപ്രളയം...
സ്വാര്‍ഥത മൂലം അയാള്‍ അവളുടെ സ്നേഹത്തിനു നേരെ മുഖം തിരിക്കുമ്പോള്‍ അവളുടെ ഹൃദയത്തിന്റെ മുഴക്കം പോലും ഇല്ലാതാകുന്നു...

എല്ലാ പോസ്റ്റിലും ഒരേ വീഞ്ഞ്...കുപ്പിക്കും മാറ്റമില്ല...
നിറത്തിലും രുചിയിലും അളവിലും മാറ്റമില്ല... കുറഞ്ഞ പക്ഷം വീഞ്ഞിന്റെ ബ്രാന്‍ഡ് എങ്കിലും മാറ്റണ്ടെ? ഇതതും ഇല്ല.. എഴുതുന്ന നിന്നെ കുറിച്ച് മാത്രം ഓര്‍ത്താല്‍ മതിയോ പാവം വായനക്കാരെ കൂടി ഓര്‍ക്കണ്ടേ ?

നീ എന്തേ നന്നാകാത്തേ എന്ന് ഞാന്‍ ചോദിക്കുന്നില്ല..
പണ്ട് കരുണാകര്‍ജി പറഞ്ഞിട്ടുണ്ട്...
"ചൊല്ലിക്കോട്...
നുള്ളിക്കൊട്...
തല്ലിക്കൊട്...
തള്ളിക്കള..."
ഇതിലേതാ ഞാന്‍ ചെയ്യേണ്ടത്?
അല്ലേല്‍ വേണ്ട, കത്തിയുണ്ടോ കയ്യില്‍ ? ഒന്ന് സ്വയം കുത്തി ചാകാന്‍..

വീ കെ said...

ആശംസകൾ....

AFRICAN MALLU said...

:-)

pushpamgad kechery said...

പാവം കുട്ടി !
വിഷമിക്കരുത് എന്നേ പറയാനാകുന്നുള്ളൂ.
മനസ്സില്‍ ഇനിയും വസന്തമുണ്ടാകും .
പ്രകൃതി നിയമത്തില്‍ അങ്ങിനെ പറഞ്ഞിട്ടുണ്ട് ...

ഹാപ്പി ബാച്ചിലേഴ്സ് said...

എന്നോ അനാഥമായ
ഇന്നലെകളിൽ,
കൈവിട്ട
ഹൃദയത്തിന്റെ മുഴക്കം,
കാതുകളിൽ
വന്നലയ്ക്കുന്നു..

കണ്ണുകളെ തനിച്ചാക്കി
കണ്ണുനീർ യാത്രയാകുമ്പോൾ;
പറയാനുള്ളത്-

ചിതറിത്തെറിക്കുന്ന
നഷ്ടസ്വപ്നങ്ങളുടെ കഥ.....
മരവിച്ച ശരീരത്തെ വിട്ടൊഴിയാൻ മടിക്കുന്ന
ആത്മാവിന്റെ കഥ.....

ഇത്രയും ശരിക്കും ഇഷടപ്പെട്ടു.

കിങ്ങിണിക്കുട്ടി said...

വിലയേറിയ നിർദ്ദേശങ്ങൾ തന്ന എല്ലാവർക്കും നന്ദി

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.