Thursday, April 14, 2011

ചിലന്തിവല“ഈ വീടു മുഴുവൻ ചിലന്തിവലകളാണല്ലോ..”
സുമിജ ആരോടെന്നില്ലാതെ പിറുപിറുത്തു.
കഴുക്കോലുകൾക്കിടയിൽ നിന്നും ഇവ തട്ടി മാറ്റാനുള്ള പാട്.. അമ്മക്കിതു വല്ലതും അറിയണോ........
കോളനിയിലെ ഇരുനിലഭവനങ്ങളിൽ നിന്നും തീർത്തും ഒറ്റപ്പെട്ടതായിരുന്നു ഓടു മേഞ്ഞ ആ കൊച്ചുവീട്. ബാങ്കിലുള്ള പണം കൊണ്ട് വീടു വാർക്കാൻ അച്ഛൻ മരിച്ചതിന്റെ മൂന്നാമത്തെ വർഷം മുതൽ അവൾ അമ്മയോടാവശ്യപ്പെടുന്നതാണ്.
“നിനക്കെന്തിന്റെ കേടാ.. ആകെയുള്ളൊരു ബലം ആ പണമാണ്.. നിന്റേം നിന്റെ ചേച്ചീടേം കല്ല്യാണം ഞാൻ പിന്നെങ്ങനെ നടത്തും? പിന്നെ ബാക്കിയുള്ളത് ആറ് സെന്റ് തികച്ചില്ലാത്ത ഈ വീടും പറമ്പുമാ.. ഇതു കൊണ്ടെന്റാകാനാ?”
ചൂലും താഴെയിട്ട് കലി തുള്ളിക്കൊണ്ട് സുമിജ അകത്തേക്ക് പോയി.
“അമ്മക്ക് പറഞ്ഞാൽ മതിയല്ലോ.. പഴഞ്ചൻ വീട്.. എട്ടുകാലീടേം മൂട്ടേടേം കൊതുകിന്റേം ആസ്ഥാനം...........”
“മോളേ... രണ്ടു ലക്ഷത്തിന്റെ ഓപ്പറേഷൻ നടത്തിയാൽ കുറഞ്ഞു കൊണ്ടിരിക്കുന്ന എന്റെ കണ്ണിന്റെ കാഴ്ച്ച തിരിച്ചു കിട്ടുമെന്നാ ഡോക്ടർ പറഞ്ഞത്.... അതിനു പോലും ഞാനാ പൈസ എടുക്കാത്തത് നിങ്ങൾ രണ്ടിനേം പിന്നെന്തു ചെയ്യുമെന്നോർത്തിട്ടാ.. മോളു ഡിഗ്രി ഫസ്റ്റ് ക്ളാസിൽ ജയിച്ച് ചേച്ചിയെ പോലെ ബി.എഡിന് മെറിറ്റിൽ സീറ്റു വാങ്ങിക്ക്.. നിങ്ങൾ രണ്ടും ഒരു നിലക്കായാൽ നമുക്ക് എന്തു വേണമെങ്കിലും ഉണ്ടാകും..”
പഠിക്കുന്നു............ സുമിജയുടെ മനസ്സിൽ സുമുഖനായ ഒരു ചെറുപ്പക്കരന്റെ മുഖം തെളിഞ്ഞു.
“നിന്നെ ജോലിക്കു വിട്ട് ചിലവു നടത്തേണ്ട ഗതികേടൊന്നും എന്റെ കുടുംബത്തില്ല.”
ആ ഓർമ്മയിൽ അവളൊന്നു മന്ദഹസിച്ചു. അമ്മ സാരിത്തലപ്പു കൊണ്ട് കണ്ണു തുടക്കുന്നതു കണ്ടപ്പോൾ അവൾക്കരിശമാണു വന്നത്. സൂരജും വീട്ടുകാരും കല്ല്യാണമാലോചിച്ച് വരുമ്പോൾ ഈ വീടു കണ്ടാലെന്തു പറയും?
എന്നാലും സൂരജിനെ വിശ്വസിക്കാം. തന്നെ മാത്രമേ കല്ല്യാണം കഴിക്കൂ എന്നവൻ വാക്കു തന്നിട്ടുണ്ടല്ലോ..
“അമ്മക്കു കണ്ണു പിടിക്കുന്നില്ലെങ്കിൽ ഈ പൊടിയൊക്കെ അടിച്ചു തട്ടാനൊരു ജോലിക്കാരിയെ വെച്ചൂടെ?”
“മോളേ... അച്ഛന്റെ മരണശേഷവും പണത്തിന്റെ കുറവറിയിക്കാതെ നിന്നെ വളർത്തിയതാ കുഴപ്പം. നിനക്ക് ക്ളാസില്ലാത്ത ദിവസങ്ങളിൽ ആഴ്ച്ചയിലൊരിക്കലെങ്കിലും ഈ മാറാലയൊക്കെ തട്ടിക്കൂടെ.. എനിക്കീയിടയായി കാഴ്ച്ച വളരെ കുറവാ.. ചൂലെത്താഞ്ഞിട്ടാ ചിലന്തി വല കെട്ടുന്നത്. അതിന് അവസരമുണ്ടാക്കാതിരിക്കുകയാ വേണ്ടത്..”
സുമിജ അരിശത്തോടെ മുഖം തിരിച്ചു.
ഇതിനൊക്കെ മറുപടി പറയാതിരിക്കുകയാ ഭേദം..എന്നാണാവോ ഈ നരകത്തിൽ നിന്നും മോചനം....
അവൾ തന്റെ മുറിയിലെത്തി പഠിക്കാനാണെന്ന വ്യാജേനെ കതകടച്ചു. ആരും കാണുന്നില്ലെന്നുറപ്പു വരുത്തി ബാഗിൽ ഒളിച്ചു വെച്ചിരുന്ന മൊബൈൽ ഫോൺ പുറത്തെടുത്തു.
“ഹലോ..”
സൂരജിന്റെ ശബ്ദം കേട്ടപ്പോൾ കരച്ചിലാണ് വന്നത്. കാര്യം കേട്ടപ്പോൾ അപ്പുറത്തു നിന്നും കേട്ടതവന്റെ പൊട്ടിച്ചിരിയാണ്.
“അതാണോ കാര്യം... എന്റെ പൊന്നുമോൾ നാളെത്തന്നെയിങ്ങു പോര്. ഞാൻ നിന്നെ രാജകുമാരിയെ പോലെ നൊക്കില്ലേ.....”
“സത്യമാണോ? സൂരജ്................ കാര്യമായിട്ടാണോ...........” സുമിജ
തുള്ളിച്ചാടി.
“ അതെ പെണ്ണേ...............”
ഫോൺ കട്ടായി. സുമിജ തള്ളിവരുന്ന സന്തോഷം അടക്കാനാവാതെ വീർപ്പുമുട്ടുകയായിരുന്നു.


പറഞ്ഞുറപ്പിച്ച സമയത്തു തന്നെ തോളിൽ വലിയ ബാഗുമായി സുമിജ ബസ് സ്റ്റോപ്പിലെത്തി. അധികം കാത്തു നില്ക്കേണ്ടി വന്നില്ല. ഗ്ളാസ് ഉയർത്തി വച്ച കറുത്ത പിക്കപ്പ് വാനിൽ സൂരജ് എത്തി.
“ഞങ്ങളുടെ പുതിയ വണ്ടിയാ. പിന്നിലേക്ക് കയറിക്കോ. മുന്നിലിരുന്നാൽ ആരെങ്കിലും ശ്രദ്ധിച്ചാലോ.. നിന്റെ നാടല്ലേ..”
സൂരജ് പറഞ്ഞത് സുമിജ അക്ഷരം പ്രതി അനുസരിച്ചു. വണ്ടിക്കുള്ളീൽ തീരെ വെളിച്ചമില്ലാത്തതിനാൽ ഗ്ളാസ് താഴ്ത്തി വെക്കാൻ ശ്രമിച്ചപ്പോൾ, അവളെ നാലു ബലിഷ്ഠമായ കരങ്ങൾ ചുറ്റി വരിഞ്ഞു.
“സൂരജ്..............” ഒരു നിലവിളി അവളുടെ തൊണ്ടയിൽ കുരുങ്ങി.
സൂരജ് അവളെ ശ്രദ്ധിച്ചതേയില്ല. ക്ളോറോഫോമിന്റെ വീര്യത്തിലമർന്ന് മയക്കത്തിലേക്ക് വഴുതി വീഴുമ്പോൾ സൂരജിന്റേയും കൂട്ടുകാരുടേയും പൊട്ടിച്ചിരികൾ അവൾ വ്യക്തമായി കേട്ടു.
കൂടെ അമ്മയുടെ വാക്കുകളും..
“ചിലന്തികൾക്ക് വല കെട്ടാൻ അവസരമുണ്ടാക്കാതിരിക്കുകയേ നിവൃത്തിയുള്ളൂ............................”55 comments:

കിങ്ങിണിക്കുട്ടി said...

ഒമ്പതാം ക്ളാസ് ജില്ലാ യുവജനോൽസവത്തിൽ സമ്മാനം കിട്ടിയ കഥയാ...............

കണ്ണന്‍ | Kannan said...
This comment has been removed by the author.
Saj said...

Kuttikale engane mould cheyyunnu ennathine asryichirikkum ....avalokanam cheyyumble manasilaknnathu enthennal...enthengilum plus pont kandu kondanu kuttikal vazhithettunnathu...pakshe real picture manasilakumbozhekkum vaikiyirikkum.Ente abhiprayathil kuttikale valare karyaprapthiyodu koodi valarthuka..enthudengilum parentsinodu share cheyyunna oru relation kuttikalodu undakkiyedukkuka.
Good post..atleast people will think

ഫെനില്‍ said...

ഈ ബ്ലോഗ്‌ മുഴുവൻ ചിലന്തിവലകളാണല്ലോ ഇവിടെ ആരുമില്ലേ ഇതൊന്നു തൂത്ത് കളയാന്‍
ഹഹഹഹ ചുമ്മാ പറഞ്ഞതാണേ

elayoden said...

ഒമ്പതാം ക്ലാസ്സുകാരിക്ക് അനുമോദനം. ഇന്നും പ്രസക്തമായ കഥ. ചിലന്തി വലകളില്‍ പെട്ട് ആരും വഞ്ചിക്കപെടാതിരിക്കട്ടെ

ബെഞ്ചാലി said...

അവസരമുണ്ടാക്കാതിരിക്കുക. gud post

ഷബീര്‍ (തിരിച്ചിലാന്‍) said...

“ചിലന്തികൾക്ക് വല കെട്ടാൻ അവസരമുണ്ടാക്കാതിരിക്കുകയേ നിവൃത്തിയുള്ളൂ"
good one... good message

ഷാജു അത്താണിക്കല്‍ said...

ചിലന്തി വലകളെ സൂക്ഷിക്കുക
നല്ല കഥ , ഭാവുകങ്ങള്‍

ആസാദ്‌ said...

ഞാന്‍ ഇവിടെ വന്നിട്ടില്ല.. ഈ story കണ്ടിട്ടില്ല.. ഇങ്ങിനെ ഒരു കമന്റ് ഇട്ടിട്ടേ ഇല്ല... :) best of luck

DKD said...

ചിലന്തികള്‍ വല കെട്ടി പോയാല്‍, നമുക്കത് തൂത്ത് കളയാന്‍ സാധിച്ചാല്‍ വീണ്ടും പഴയ പോലെ ഇരിക്കാം.കൂടെ ചിലന്തിയും നശിപ്പിക്കണം. കഥ അര്‍ത്ഥവത്താണ്. ആശംസകള്‍

Sameer Thikkodi said...

നല്ല കഥ ... സമ്മാനം കിട്ടേണ്ടത് തന്നെ..

ഇത്രയൊക്കെ മാതൃ സ്നേഹമില്ലാത്ത കുട്ടികള്‍ (പെണ്‍ ) ഉണ്ടാവുമോ എന്തോ ?

പിന്നെ ഒമ്പതാം ക്ലാസ്സുകാര്‍ക്ക്‌ പ്രത്യേകം യുവജനോത്സവം ഉണ്ടോ? :)

hafeez said...

യദാര്‍ത്ഥ ചിലന്തി വലകളെ തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന കഥ..
നന്നായി..

ജുവൈരിയ സലാം said...

കഥ നന്നായി. ആശംസകൾ

കിരണ്‍ said...

നല്ല കഥ .

M.R.Anilan -എം. ആര്‍.അനിലന്‍ said...

കഥ കൊള്ളാട്ടോ അഞ്ജു!

pushpamgad said...

എന്റെ ദൈവമേ...
എട്ടാംക്ലാസ്സില്‍ അങ്ങിനെ.
ഒന്‍പതാം ക്ലാസ്സില്‍ ഇങ്ങനെ...!
എന്നിട്ടും അങ്ങിനെ ഒരു തലക്കനം കാണാനെയില്ല!
ശരിക്കും കസറിയിട്ടുണ്ടാകും അല്ലെ.
അഭിനന്ദനങ്ങളുടെ ഒരു പൂച്ചെണ്ടുകൂടിയിതാ...

വര്‍ഷിണി said...

അഭിനന്ദനങ്ങള്‍ കൂട്ടുകാരീ....

രമേശ്‌അരൂര്‍ said...

അങ്ങനെ തന്നെ ..ചിലന്തികള്‍ക്ക് അവസരം ഉണ്ടാകാതിരിക്കട്ടെ ,വല കെട്ടാന്‍ ...:)

elayoden said...

അമ്മയുടെ കണീര്‍ തട്ടി തെറിപ്പിച്ചു പോയ സുമിജയുടെ ദുരന്തം ഇന്നും ആവര്‍ത്തിക്കുകയാണല്ലോ...

ഒന്‍പതില്‍ വെച്ച് തരാനായില്ലെങ്കിലും വൈകി അറിഞ്ഞ അംഗീകാരത്തിനു പൂച്ചെണ്ടുകള്‍. കഴിവുകള്‍ അണയാതെ സൂക്ഷിക്കാനാവട്ടെ എന്നാശംസിക്കുന്നു.

ആചാര്യന്‍ said...

പെണ്ണുങ്ങള്‍ ആകുന്ന ചിലന്തികള്‍ തന്നെ ഉണ്ടാക്കുന്ന ഈ ചിലന്തി വലകള്‍ ..എന്തെ?

റ്റോംസ്‌ || thattakam .com said...

നല്ല കഥ.
അഭിനന്ദനങ്ങള്‍

കിങ്ങിണിക്കുട്ടി said...

ആചാര്യൻ ചേട്ടന്, പെണ്ണുങ്ങളല്ല; വലയൊരുക്കി ഇരകളെ നോക്കിയിരിക്കുന്ന ഇത്തരം ആണുങ്ങൾ തന്നെയാണ് ചിലന്തികൾ.. അതിലേക്ക് പറന്നു വീഴുന്ന ഇരകളാണ് പെണ്ണുങ്ങൾ. പെൺചിലന്തികളും ഇല്ലാതില്ല. അവിടേയും ഇര പെണ്ണു തന്നെ! ഇവിടെ വന്നു കമന്റിയ എല്ലാവർക്കും നന്ദി

പദസ്വനം said...

ക്ലാസ്സില്‍ എഴുതിയതാണോ ഈ കഥ??
മോളെ അഞ്ജൂ അപാരം...
ആ പ്രായത്തില്‍ ഇത്രയൊക്കെ ചിന്തിച്ചു കൂട്ടിയോ??
നന്നായിരിക്കുന്നു.. കഥയും.. അവതരണവും.. സാരോപദേശവും...

പിന്നെ എനെറെ ഒരു അഭിപ്രായം പറയട്ടെ...
പറന്നു വീഴാന്‍ തയാറായുള്ള ഇരകളെ ചിലന്തികള്‍ പിടിച്ചു എന്നിരിക്കും...
അതിനിപ്പോ ചിലന്തികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. സത്യം അല്ലെ??

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഒമ്പതാം ക്ലാസില്‍ എഴുതിയ കഥ ഇതുവരെ 'ചിലന്തി വല കെട്ടാതെ' സൂക്ഷിച്ചതിന് പ്രത്യക നന്ദി!
ഇവിടെ വേറൊരു വശം കൂടിയുണ്ട്. പുരുഷന് നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത ഒരു വ്യവസ്ഥിതി ആണ് ഇന്നുള്ളത്‌.ആര്‍ക്കാണോ നഷ്ടം സംഭവിക്കുക അവരാണല്ലോ സ്വാഭാവികമായും കൂടുതല്‍ സൂക്ഷിക്കേണ്ടത്. അപ്പൊ സ്ത്രീകള്‍ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ കൂടുതലും ശ്രദ്ധിക്കേണ്ടത് അവര്‍ തന്നെ! നിര്‍ഭാഗ്യവശാല്‍ ഇന്ന് ഇത്തരം മിക്ക കേസുകളിലും ഒന്നാം പ്രതി സ്ത്രീ തന്നെ!
പഴയ ഒരു ചൊല്ലുണ്ട്: പൂച്ചയെ തല്ലുന്നതിനെക്കാള്‍ നല്ലത് മീന്‍ അടച്ചു വയ്ക്കുന്നതാണ് -
ഒമ്പതാം ക്ലാസ് കാരിയുടെ കഥ വളരെ നന്നായി.
ഭാവുകങ്ങള്‍

Naushu said...

കൊള്ളാം..... നന്നായിട്ടുണ്ട്....
നല്ല കഥ...

ABHI said...

ചിലന്തികൾക്ക് വല കെട്ടാൻ അവസരമുണ്ടാക്കാതിരിക്കുകയേ നിവൃത്തിയുള്ളൂ...നന്നായിട്ടുണ്ട്..പണ്ടേ പുലിയായിരുന്നല്ലേ.

Akbar said...

വലകെട്ടാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നു. പിന്നെ ആ വലയില്‍ സ്വയം ചെന്ന് കുരുങ്ങുന്നു.

സുജിത് കയ്യൂര്‍ said...

Nannaayitund. Abhinandanangal.

BIJU KOTTILA said...

ഒൻപതാം ക്ലാസ്സുകാരിയുടെ കഥ നല്ല നിലവാരം പുലർത്തി

സലീം ഇ.പി. said...

ചിലന്തി വല വിരിച്ചു നില്‍ക്കുകയാണ് എവിടെയും....അമ്മയുടെ വാക്കുകള്‍ കേള്‍ക്കുന്ന കാലമല്ലല്ലോ..നല്ല കഥനം...ആശംസകള്‍..

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്ന്

ismail chemmad said...

കഥ നന്നായി. ഒരു ഒന്‍പതാം ക്ലാസ്സുകാരിയുടെതാകുമ്പോള്‍ തീര്‍ച്ചയായും അഭിനന്ദനം അറിയിക്കുന്നു.

Jefu Jailaf said...

കഥ നന്നായിട്ടുണ്ടല്ലോ..

Vayady said...

ചിലന്തികള്‍ വല കെട്ടിക്കൊണ്ടേയിരിക്കും. അതിനെ തടുക്കാന്‍ നമുക്കാവില്ല. പക്ഷേ അതില്‍ ചെന്നുപ്പെടാതെ സൂക്ഷിക്കാന്‍ നമുക്കാവും.

കഥയില്‍ പുതുമയൊന്നുമില്ലെങ്കിലും ഒന്‍പതാം ക്ലാസ്സുകാരി തിരഞ്ഞെടുത്ത വിഷയം കൊള്ളാം. കഥാകാരിക്ക് അഭിനന്ദനം.

nil said...

hallo very pretty

Sandeep.A.K said...

“ചിലന്തികൾക്ക് വല കെട്ടാൻ അവസരമുണ്ടാക്കാതിരിക്കുകയേ നിവൃത്തിയുള്ളൂ........”

ഇത് ഓരോ പെണ്‍കുട്ടിയും ഓര്‍ക്കേണ്ടതാണ്.. ഓര്‍ത്താല്‍ അവര്‍ക്ക് കൊള്ളാം.. എന്‍റെ പെണ്സുഹൃത്തുകളുടെ ശ്രദ്ധക്കായി ഞാനീ പോസ്റ്റ്‌ fbയില്‍ ഷെയര്‍ ചെയ്യുന്നു..

കഥ ഇഷ്ടപ്പെട്ടു.. :)പക്ഷെ
ഒരു ഫെമിനിസ്റ്റ്‌ ചിന്താഗതിയില്‍ ആണ് അതിനു ശേഷമുള്ള മാലാഖകുട്ടിയുടെ കമന്റുകള്‍.. അതിനെ ഞാന്‍ എതിര്‍ക്കുന്നു.. ഒരു കൂട്ടം പുരുഷന്മാര്‍ അങ്ങനെയാകാം പക്ഷെ എന്തിനു ഒരു സാമാന്യവത്കരണം നടത്താന്‍ ശ്രമിക്കുന്നു നിങ്ങള്‍..

- സോണി - said...

എന്തായാലും ഒരു കാര്യം മനസ്സിലായി. ഈയിടെയായി വീട് ഒന്ന് പൊടിതട്ടി വച്ചെന്ന്. അപ്പോഴാണല്ലോ നാലാം ക്ലാസിലെ കവിതയും ഒന്‍പതാം ക്ലാസിലെ കഥയും ഒക്കെ കിട്ടിയത്. മടി കളഞ്ഞ് കിങ്ങിണി ജോലി ചെയ്യാന്‍ തീരുമാനിച്ചത് നന്നായി, അതുകൊണ്ട് ഞങ്ങള്‍ക്കും ഇതൊക്കെ വായിക്കാന്‍ കിട്ടി. ഇനി പത്താം ക്ലാസിലെ ലേഖനവും, പതിനൊന്നാം ക്ലാസിലെ നിരൂപണവും ഒക്കെ പോരട്ടെ.

അരുണ്‍ II ണ്‍രുഅ said...

നന്നായിരിക്കുന്നു കഥ. കഥാകാരിയുടെ കൈത്തഴക്കം കുറയുകയാണെന്ന ദുഃഖം മാത്രം

തൂവലാൻ said...

കിങ്ങിണിക്കുട്ടി നന്നായി എഴുതിയിരിക്കുന്നു.........സമ്മാനം കിട്ടിയതിൽ ഒരു അത്ഭുതവുമില്ല.അന്ന് കിട്ടിയ സമ്മാനത്തിന് ഒരു പാട് കാ‍ലങ്ങൾക്ക് ശേഷം ഒരു അഭിനന്ദനം സ്വീകരിക്കുന്നതിൽ വിഷമമൊന്നും ഇല്ലല്ലോ? എന്റെ വക അഭിനന്ദനങ്ങൾ!

തൂവലാൻ said...

കിങ്ങിണിക്കുട്ടി നന്നായി എഴുതിയിരിക്കുന്നു.........സമ്മാനം കിട്ടിയതിൽ ഒരു അത്ഭുതവുമില്ല.അന്ന് കിട്ടിയ സമ്മാനത്തിന് ഒരു പാട് കാ‍ലങ്ങൾക്ക് ശേഷം ഒരു അഭിനന്ദനം സ്വീകരിക്കുന്നതിൽ വിഷമമൊന്നും ഇല്ലല്ലോ? എന്റെ വക അഭിനന്ദനങ്ങൾ!

Anonymous said...

കഥ പറഞ്ഞ രീതി നന്നായി...കൊള്ളാം....

Anand Palassery Aravindan said...

Nannayittundu ttoo... All the best

മുകിൽ said...

കൊള്ളാം കേട്ടോ. നന്നായിട്ടുണ്ട്. ഞാനുംഒരു കഥാരചനാ മത്സര വിജയിയായിരുന്നു ജില്ലാതലത്തിൽ. സംസ്ഥാനതലത്തിൽ മത്സരിക്കാൻ പോയതും അടിപിടിച്ച പാലടപ്രഥമൻ സദ്യയ്ക്കു വിളമ്പിയതും ആണു എനിക്കു കൂടുതൽ ഓർമ്മ. ജില്ലാതലം വരെ നിങ്ങൾക്കുഷ്ടമുള്ള കഥയെഴുതൂ എന്നാണു നിർദ്ദേശം. പിന്നെ വിഷയം തരാൻ തുടങ്ങും. അപ്പോ മനസ്സിലായി, നമുക്കീ പണി പറ്റില്ല എന്ന്. പിന്നെ മത്സരിച്ചിട്ടില്ല.

ഹംസ said...

നല്ല കഥയാ....

arjun said...

ഇത് വളരെ പണ്ടത്തെ കഥ അല്ലെ

nisha said...

nalla kadha. good msg

Sarath Menon said...

വളരെ നന്നായിട്ടുണ്ട് Keep Writing

neha said...

Very nice

megha said...

Nice narration

vinu said...

Nice work keep it up

musthuഭായ് said...

നല്ല കഥ....കൊള്ളാം.....

അനശ്വര said...

കൊള്ളാം നല്ല കഥ ...കിങ്ങിണിയുടെ അവതരണവും കൊ​‍ാം..
ഞാൻ ആദ്യമായാണിവിടെ..വീണ്ടും വരാം..

മഹേഷ്‌ വിജയന്‍ said...

ഒന്‍പതാം ക്ലാസ്സുകാരിയുടെ നിലവാരം വെച്ച് നോക്കുകയാണേല്‍ ഒരു നല്ല കഥയാണ്...
തിരുത്താന്‍ അല്ലെങ്കില്‍ കൂടി ചെറിയ രണ്ടു തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു...


“നിനക്കെന്തിന്റെ കേടാ.. ആകെയുള്ളൊരു ബലം ആ പണമാണ്.. നിന്റേം നിന്റെ ചേച്ചീടേം കല്ല്യാണം ഞാൻ പിന്നെങ്ങനെ നടത്തും? പിന്നെ ബാക്കിയുള്ളത് ആറ് സെന്റ് തികച്ചില്ലാത്ത ഈ വീടും പറമ്പുമാ.. ഇതു കൊണ്ടെന്റാകാനാ?”
ചൂലും താഴെയിട്ട് കലി തുള്ളിക്കൊണ്ട് സുമിജ അകത്തേക്ക് പോയി.

ടി സംഭാഷണം സുമിജ നടത്തിയതായും അതിനു ശേഷം കലി തുള്ളി അകത്തു പോയപോലെയും തോന്നാം... അര്‍ത്ഥം വെച്ച് വായനക്കാര്‍ക്ക് കാര്യം പിടികിട്ടുമെങ്കില്‍ കൂടി ഭാവിയില്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒന്നാണിത്...

അതിനു ശേഷം പറഞ്ഞ 'പഠിക്കുന്നു............ ' എന്ന വാക്ക് എങ്ങും തൊടാതെ നില്‍ക്കുന്നു...

“ചിലന്തികൾക്ക് വല കെട്ടാൻ അവസരമുണ്ടാക്കാതിരിക്കുകയേ നിവൃത്തിയുള്ളൂ............................” എന്ന ഗുണപാഠം ശരിക്കും ഇഷ്ടപ്പെട്ടു...

ജിത്തു said...

നല്ല കഥ, കിങ്ങിണി ഇതില്‍ നല്ല ഒരു മെസ്സേജും നല്‍കിയിട്ടുണ്ട്
ഇവിടെ ആദ്യമായിട്ടാണെങ്കിലും കഥ വളരെ ഇഷ്ടപെട്ടു

അനുരാഗ് said...

ചിലന്തികൾക്ക് വല കെട്ടാൻ അവസരമുണ്ടാക്കാതിരിക്കുകയേ നിവൃത്തിയുള്ളൂ...നന്നായിട്ടുണ്ട്

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.