Saturday, December 25, 2010

ക്രിസ്മസ് സമ്മാനം - ഒരു തനിയാവർത്തനം




കഥയ്ക്കും കവിതക്കുമൊന്നും ഇപ്പോൾ വലിയ മാർക്കറ്റില്ല. എന്റെ ബ്ളോഗിലേക്കിപ്പോൾ പഴയ പോലെ ആരും വരുന്നുമില്ല. എന്നാൽ പിന്നെ ചുവടൊന്നു മാറ്റിച്ചവിട്ടി നോക്കാം. ആരും പേടിക്കേണ്ട കേട്ടോ; ഞാനൊരു പാവമാ.. ആരേയും ചവിട്ടില്ല. എഴുത്തിന്റെ കാര്യമാ പറഞ്ഞത്..
അപ്പോൾ ഞാനെന്താ പറഞ്ഞു വന്നത്.? ഞാനും ചുവടു മാറ്റുന്നു. ഫൈസുക്കാന്റെ ഞെണ്ടുതീറ്റ പോലെ ഞാനുമൊരു അനുഭവക്കുറിപ്പ് എഴുതാൻ പോകുന്നു. ഫൈസുക്കാന്റത്ര ആർത്തി മൂത്തു നടക്കുകയല്ലാത്തതു കൊണ്ടു തീറ്റക്കാര്യമൊന്നും എനിക്ക് പറയാനില്ല. (ഹി..ഹി...) ഇന്ന് ക്രിസ്മസ് അല്ലേ.. പണ്ട് എനിക്കു കിട്ടിയ ഒരു ക്രിസ്മസ് സമ്മാനത്തിന്റെ കഥ പറയാം. അങ്ങനെ ഒരു ക്രിസ്മസ് കാലത്ത്........................
പണ്ട് ദൈവം ക്രിസ്മസ് ആഘോഷിച്ചപ്പോൾ, അതായത് സ്വന്തം പിറന്നാൾ ആഘോഷിച്ചപ്പോൾ, ആഹ്ളാദത്തിമർപ്പിൽ ഒരു ചെറിയ കയ്യബദ്ധം പറ്റി. ഒരു മാലാഖക്കുഞ്ഞ് ഭൂമിയിലേക്ക് തന്റെ കണ്ണു വെട്ടിച്ചു പോയത് കണ്ടില്ല! ആ മാലാഖക്കുഞ്ഞാണു ഞാൻ.. ഒരു ക്രിസ്മസ് രാവിലാണു ഞാനും ഭൂജാതയായത്!!!!!
ക്രിസ്മസ് ദിനത്തിലായതു കൊണ്ട് ആരും എന്റെ പിറന്നാൾ ഓർക്കാതെ പോകാറില്ല. എല്ലാവരും എന്നെ ചെലവു ചെയ്യിച്ചു മുടിപ്പിച്ചേ വിടാറുള്ളൂ.,...(ഹും......) എന്നാലും എല്ലാവരും എനിക്കന്ന് അപ്രതീക്ഷിത സമ്മാനങ്ങളൊക്കെ തന്ന് എന്നെ ഞെട്ടിക്കാറുണ്ട് കേട്ടോ.. അങ്ങനെ ഒരു അപ്രതീക്ഷിതസമ്മാനത്തിന്റെ കഥയാണു ഞാനിവിടെ പറയാൻ പോകുന്നത്.
+2 ഞാൻ പഠിച്ചത് ഒരു കോൺവെന്റ് സ്കൂളിലാണ്.. അധികവും ചേട്ടത്തിക്കുട്ടികൾ. ക്രിസ്മസ് ഗംഭീരമായി ആഘോഷിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. സ്കൂളിൽ മാത്രമല്ല, ഹോസ്റ്റലിലും. ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ കൈമാറുന്നത് അവിടെ പതിവാണ്. നറുക്കിട്ടെടുത്താണ് ക്രിസ്മസ് ഫ്രണ്ടിനെ തീരുമാനിക്കുന്നത്. വലിയ വലിയ സമ്മാനങ്ങളൊന്നുമല്ല കൊടുക്കുന്നത് കേട്ടോ, കൊച്ചു സമ്മാനങ്ങൾ.
ഹോസ്റ്റലിൽ ക്രിസ്മസ് ഫ്രൺറ്റിനെ തിരഞ്ഞെടുക്കാൻ നറുക്കിട്ടപ്പോൾ എന്റെ റൂംമേറ്റ്സിന്റെ കസിൻസായ, അവിടെ സ്ഥിരം സന്ദർശകരായിരുന്ന രണ്ട് ആൺതരികളെയും ഉൾപ്പെടുത്തി.
അങ്ങനെ സമ്മാനം കൊടുക്കുന്ന ദിവസമെത്തി. അത്യാകാംക്ഷയോടെ എല്ലാവരും സമ്മാനപ്പൊതികൾ തുറന്നു. എന്റെ പൊതി തുറന്നപ്പോൾ അതിൽ അത്യപൂർവ്വമായ, വയലറ്റ് നിറത്തിലുള്ള ഒരു റോസാപ്പൂവ്.. അതിന്റെ തണ്ടിൽ ഒരു കടലാസ് ചുറ്റിയിരുന്നു. നിവർത്തി നോക്കി- 'ഇതെന്റെ ക്രിസ്മസ്-പിറന്നാൾ സമ്മാനം. തീർന്നില്ല, റോസാപ്പൂവിന്റെ ഇതളുകൾ വിടർത്തി നോക്കിയപ്പോൾ അതിനുള്ളിൽ ആരും കൊതിച്ചു പോകുന്നത്ര മനോഹരമായ ഒരു കല്ലു വെച്ച മോതിരം!!! മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ചു ആ സമ്മാനം.. വില കൂടിയ ആ സമ്മാനത്തേക്കാൾ ഞാൻ വില മതിച്ചത് ആ സുഹൃത്തിന്റെ വലിയ മനസ്സിനാണ്.
പ്രിയപ്പെട്ടവരേ, ആ സമ്മാനം തന്നയാളെ നിങ്ങളറിയും.. മറ്റാരുമല്ല, നമ്മുടെ സെബിൻ ഷാരോൺ...... പിന്നീടറിഞ്ഞു, വേറാർക്കോ ആണ് യഥാർത്ഥത്തിൽ എന്നെ ക്രിസ്മസ് ഫ്രണ്ടായി കിട്ടിയത്.. അവൻ അവന്റെ ഫ്രണ്ടിനെ അയാൾക്കു കൊടുത്ത് ചെറിയൊരു അഡ്ജസ്റ്റ്മെന്റ് നടത്തിയതാണ്. എന്റെ മനസ്സു ചത്തു. അതുവരെ വിരലിൽ അണിഞ്ഞു നടന്ന മോതിരം ഞാൻ ഒരു ചെപ്പിലാക്കി എന്റെ ആഭരണപ്പെട്ടിയുടെ ഉള്ളറയിൽ വച്ചു. ശവപ്പെട്ടിയിലാക്കി മനസിൽ കുഴിച്ചു മൂടിയ ആ സൌഹൃദം പോലെ.........

കോളേജിൽ പഠിക്കുമ്പോഴും ഞാൻ ഹോസ്റ്റലിലായിരുന്നു. ഒരു ഡിസംബർ മാസത്തിൽ ഞാൻ ഉപയോഗിക്കാതെ വെച്ചിരുന്ന മോതിരം കണ്ട് എന്റെ കൂട്ടുകാരി എന്നോട് ചോദിച്ചു, ഇത്ര ഭംഗിയുള്ള മോതിരം ഞാനെന്താ ഉപയോഗിക്കാത്തത്, ഇതവൾക്കു കൊടുക്കുമോ. അനുവിനു കൊടുക്കാനാണ് എന്ന്.
അവളുടെ ലവറായിരുന്നു അനു. ഞാൻ ഒരു നിമിഷം ചിന്തിച്ചു. പിന്നെ വിചാരിച്ചു; സെബി, അവൻ മറ്റൊരു ഉദ്ദേശം മനസ്സിൽ വച്ചു എനിക്കു തന്ന മോതിരം ഞാൻ സൂക്ഷിക്കുന്നതെന്തിനാണ് എന്ന്. യാദൃശ്ചികം അതായിരുന്നില്ല, അവളായിരുന്നു ആ വർഷത്തെ എന്റെ ക്രിസ്മസ് ഫ്രണ്ട്!!! സെബി എനിക്കു തന്ന പോലെ ഒരു റോസാപ്പൂവിനുള്ളിൽ ആ മോതിരം വച്ച് ഞാനവൾക്ക് ക്രിസ്മസ് സമ്മാനമായി കൊടുത്തു. വർഷങ്ങൾക്കു മുമ്പ് ആ സമ്മാനം കിട്ടിയപ്പോൾ ഞാൻ പ്രകടിപ്പിച്ച അതേ സന്തോഷത്തോടെ അവൾ പറഞ്ഞു. 'ഇങ്ങനെ തന്നെ ഞാനിത് അനുവിനു കൊടുക്കും, ഒരു പൂവിലൊളിച്ചു വെച്ച്...' യാദൃശ്ചികത അവിടം കൊണ്ട് തീരുന്നില്ല. ആ സമ്മാനം കൊടുത്ത് ഏറെ നാൾ കഴിയും മുമ്പേ അവരുടെ പ്രണയവും അവസാനിച്ചു, എന്റെ സൌഹൃദം പോലെ തന്നെ....

നിങ്ങൾ പറയൂ കൂട്ടുകാരേ.... എന്താണിത്? യാദൃശ്ചികതയ്ക്കും ഒരു പരിധിക്കപ്പുറത്തേക്ക് അർത്ഥം കൽപ്പിക്കാമോ?

32 comments:

Elayoden said...

ഇതിലെ ആദ്യ കമെന്റ് എന്റെതാവട്ടെ... എന്റെ ഒരു പിറന്നാള്‍ ക്രിസ്ത്മസ് സമ്മാനം....

Elayoden said...

ഇതിലെ ആദ്യ കമെന്റ് എന്റെതാവട്ടെ... എന്റെ ഒരു പിറന്നാള്‍ ക്രിസ്ത്മസ് സമ്മാനം....
ചുവടു മാറ്റേണ്ട ആവശ്യമൊന്നുമില്ല, കഥകളും, കവിതകളും എഴുതുക, ഒപ്പം ഇതുപോലെ അനുഭവ കുറിപ്പും... വായനക്കാര്‍ താനെ വന്നു കൊള്ളും..
സെബി തന്ന സ്പെഷ്യല്‍ ഗിഫ്റ്റ് കൂട്ടുകാരിക്ക് കൊടുത്തത് അവനറിഞ്ഞിരുന്നുവോ..

അവതാരിക said...

സഖാവെ കൊള്ളാം അനുഭവം .. :)

mixed കോളേജില്‍ പഠിക്കുമ്പോള്‍ ക്രിസ്മസ് സമ്മാനം കിട്ടുന്നത് വരെ മനസ്സില്‍ ഒരു പട പട കേള്‍ക്കാം ..

Ismail Chemmad said...

എന്തായാലും , തന്റെ സൌഹൃദം പോലെ ആ പ്രണയവും നീ നശിപ്പിച്ചല്ലോ

നാമൂസ് said...

യാദൃശ്ചികതയെ ദൈവീകമെന്നും, ചിന്തകളെ വെളിപാടെന്നും വിളിക്കപ്പെടാറുണ്ട്. സമാനമായ അനുഭവങ്ങള്‍ എന്നിലും ധാരാളമായി ഉണ്ടായിട്ടുണ്ട്. എന്തായാലും കാര്യ കാരണത്തെ തേടിയുള്ള ഒരു യാത്രക്ക് ശ്രമിച്ചിട്ടില്ലാ... അപ്രാപ്യമെന്നു കരുതി രാജിയായതുമല്ല... ഒരു പക്ഷെ, കാലം പോകെ അതിന്‍റെ ഉത്തരവും ലഭ്യമായേക്കാം. ഒരു പഠിതാവിന്‍റെ ഔത്സുക്യത്തെ പ്രോത്സാഹിപ്പിക്കുന്ന, അയാളില്‍ ജിഞാസയെ ഊട്ടുന്ന വിഷയങ്ങളെ സമൂഹം ഒരു പാപമായി കാണാത്തിടത്തോളം.. ഇത്തരം പ്രകോപനങ്ങള്‍ {ചിന്തകള്‍ }നല്ല വിദ്യയ്ക്ക് അതിനാവശ്യമായ വിഭവ സമാഹാരണത്തിന് വേഗത കൂട്ടുക തന്നെ ചെയ്യും..!!

എന്തായാലും, ജന്മ ദിനം ആഘോഷിക്കുന്ന ഈ ദിവസത്തില്‍ മനസ്സിനെ ഇനിയും സങ്കീര്‍ണ്ണതയിലേക്ക് ക്ഷണിക്കുന്നില്ലാ....!! ആശംസകള്‍..!!!

Noushad Koodaranhi said...

തീര്‍ത്തും യാദ്രിശ്ചികം എന്നൊന്നുണ്ടോ...ആവോ...?

hafeez said...

ആ മോതിരം ഇപ്പൊ എവിടെയാണാവോ ഉള്ളത് ? അത് കണ്ടുപിടിച്ച് കുഴിച്ച് മൂടണം. ഇനി ആരെയും അത് കരയിക്കതിരിക്കട്ടെ.

പിന്നെ മാര്‍ക്കറ്റ് നോക്കി എഴുതരുത്. അത് ആത്മ വഞ്ചനയാകും. മനസ്സിലുള്ളത് നന്നായി എഴുതുക. അതിനു കിട്ടുന്ന കമന്റ് കിട്ടട്ടെ. ശക്തമായ ഭാഷയും ജീവനുള്ള വാക്കുകളും നിന്റെ കൈവശമുണ്ട്.

A Point Of Thoughts said...

അനുഭവങ്ങള്‍ കുറേ ഉണ്ടല്ലോ??.. പാവം അനീഷ് ചേട്ടന്‍ ഇതൊക്കെ കേട്ടുതീര്‍ത്തോ ആവോ??... അഞ്ചുവിനു നന്നായി എഴുതാന്‍ അറിയാം .... മാര്‍ക്കറ്റില്ല എന്നും പറഞ്ഞു ഒരിക്കലും അതു മാറ്റരുതേ ......

new said...

ആത്മാര്‍ത്ഥമായി പറയാമെല്ലോ , എനിക്കിതുവരെ ഇതേ പോലുള്ള അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല . അല്ല ഉള്ള അനുഭവം ഫുള്‍ കണ്ണിരിന്റെ ച്ചുവയുല്ലതായിരുന്നു

എന്‍.ബി.സുരേഷ് said...

സ്വർഗ്ഗത്തിൽ നിന്നും ഒളിച്ചുപോന്ന മാലാഖക്കുഞ്ഞേ,

ഈ തനിയാവർത്തനത്തിൽ ജീവിതത്തിന്റെ ചില പ്രഹേളികൾക്ക് നേരേയുള്ള ചോദ്യമുണ്ട്.

ടി.വി.കൊച്ചുബാവ പറയുന്നുണ്ട് ഒരു കഥയിൽ, നമ്മുടെ ജീവിതം ആരോ ജീവിച്ച ജീവിതത്തിന്റെ ബാക്കിയാണെന്ന്.

അതുപോലെ എന്തിന്റെയൊക്കെയോ തുടർച്ചകൾ.

യാദൃച്ഛികതകളുടെ കേളിയല്ലേ ഈ ജീവിതം.

പിന്നെ കഥ കവിത എന്നിവയ്ക്ക് മാർക്കറ്റില്ല എന്ന് പറയുന്നത് ചുമ്മാതാ കേട്ടോ.

സമയം കിട്ടുമ്പോൾ ഇയാൾ എഴുതിയ കഥകൾ ഞാൻ വായിക്കുന്നുണ്ട്.

പിന്നെ ബ്ലോഗിന്റെ പേര് നന്ന്. പക്ഷേ അത് എൻ.പി.സാജീഷിന്റെ ഒരു പുസ്തകനാമത്തെ ഓർമ്മിപ്പിക്കുന്നു.(ശലഭച്ചിറകുകൾ കൊഴിയുന്ന ചരിത്രശിശിരത്തിൽ)

എഴുത്ത് തുടരുക. അനുഭവം എഴുതുമ്പോഴും ജീവിതത്തെ അന്വേഷിക്കുന്ന ദർശനങ്ങൾ കരുതുക.

new said...

ഓ മറന്നു , പിറന്നാളാശംസകള്‍

ആചാര്യന്‍ said...

നമ്മുടെ ഗ്രൂപ്പിലെ..ഈ "കുഞ്ഞു" അഞ്ചുക്കുട്ടിക്കു"പിറന്നാള്‍ ആശംസകള്‍ ...

Pushpamgadan Kechery said...

അങ്ങിനെ അനുവും സെബിനായി.

തനിയാവര്‍ത്തനം ഒന്ന്.

പക്ഷെ അവള്‍ക്ക് എങ്ങിനെ ഇങ്ങനെ ആകാന്‍ കഴിഞ്ഞു!

(ഫൈസു അറിയേണ്ട).

പിന്നെ പിറന്നാള്‍ സമ്മാനം സാന്താക്ലോസിന്റെ കൈയില്‍ കൊടുത്തുവിടുന്നുണ്ട്.

സൂക്ഷിച്ചോണെ.

UNFATHOMABLE OCEAN! said...

ashamsakal .................

Arun Kumar Pillai said...

aa mothiram karangithirinj ente frndnte kayyilum vannu enna thonnunnee.. aa anubhavam njanum pank vekkam orikkal, ipo samayam aayilla..
b'thday wishes anjuse..

jayanEvoor said...

നല്ല ഓർമ്മക്കുറിപ്പ്.
യാദൃച്ഛികതകളുടെ വിസ്മയക്കാഴ്ചകൾ നിറഞ്ഞതാണ് ജീവിതം.....ചിലപ്പോഴെങ്കിലും നമ്മളൊക്കെ പാവകൾ....
എന്തായാലും,
പിറന്നാളാശംസകൾ!
ക്രിസ്മസാശംസകൾ!!

anu narayan said...

happy birthday :D

ഫസലുൽ Fotoshopi said...

കൊള്ളാം .... മോതിരത്തിന്റെ ഓരോ ലീലാ വിലാസങ്ങള്‍....

Unknown said...

ആ മോതിരം ഇപ്പോള്‍ എവിടെയാണ്..?
ക്രിസ്തുമസ് ആശംസകള്‍ ...!!

ശ്രീനാഥന്‍ said...

മാലാഖക്കുഞ്ഞേ, നല്ല രസകരമായ കുറിപ്പ്! ആശംസകൾ! പിന്നെ അവസാനത്തെ ചോദ്യം, പാടില്ല, പാടില്ല...

Unknown said...

ANGEL ....നല്ല ഒരു അനുഭവം ...കുറച്ചു കൂടി വെക്ത്യമായി പറഞ്ഞു വെങ്കില്‍ എന്ന് ആശിച്ചു പോന്നു ...കൊള്ളാം
പിന്നെ ഒരു സുകാര്യം ..വൈകി എങ്കിലും ജന്മദിനാശംസകള്‍..........ഞാനും ഈ ഡിസംബറില്‍ ആണ് ........

കിരണ്‍ said...

കൊള്ളാം..
ഇതെന്താ ശാപം കിട്ടിയ മോതിരമോ. എത്ര പേരെ അത് ദുഃഖത്തില്‍ ആക്കി,,,

Vayady said...

വരാന്‍ വൈകി. വൈകിയാണെങ്കിലും എന്റെ പിറന്നാള്‍ ആശംസകള്‍! ഈ പുതുവര്‍ഷത്തില്‍ ധാരാളം നല്ല പോസ്റ്റുകള്‍ എഴുതാന്‍ കഴിയട്ടെ എന്നാംശിക്കുന്നു.

Unknown said...

മോതിരത്തിന്റെ സഞ്ചാരം നന്നായിട്ടുണ്ട് :)
പിറന്നാള്‍ ആശംസകള്‍.

SUJITH KAYYUR said...

pirannaal aashamsakal.

മേഘമല്‍ഹാര്‍(സുധീര്‍) said...

അനുഭവങ്ങളെ ആസ്വദിക്കുക.

വേണുഗോപാല്‍ ജീ said...

വൈകിയെത്തിയ പിറനാൾ ആശംസകൾ.. നല്ല കുറിപ്പ്.. അപ്പോൾ ഇതൊക്കെ ആണു അല്ലെ ബ്ലൊഗിൽ ആളുകൂട്ടാനുള്ള വഴികൾ... കൊള്ളാം....

നികു കേച്ചേരി said...

ഫയങ്കര മോതിരം തന്നെ!!!!

വര്‍ഷിണി* വിനോദിനി said...

കോളേജ് ദിനങ്ങള്‍....ഇച്ചിരി പുറകിലോട്ട് അഞ്ചു എന്നേയും കൊണ്ടു പോയി...സന്തോഷം ട്ടൊ..

Jefu Jailaf said...

ഒരു മോതിരത്തിനും ഇത്ര മാത്രം കഥ പറയാനാകുമോ.. നന്നായിരിക്കുന്നു. അടുത്ത കൃസ്തുമസ്സിനുള്ള ചിലവില്‍ ഞാനും കൂടാം.. ആശംസകള്‍

Sandeep.A.K said...

ആ സമ്മാനം കൊടുക്കേണ്ടിയിരുന്നില്ല...

മഹേഷ്‌ വിജയന്‍ said...

സന്ദീപ്‌ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.. "ആ സമ്മാനം കൊടുക്കേണ്ടിയിരുന്നില്ല..."

ജീവിതത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന നക്ഷത്രങ്ങളാണ് യാദൃശ്ചികതകള്‍... യാദൃശ്ചികത ഇല്ലാതെ ജീവിതമില്ല, ജീവിതമില്ലെങ്കില്‍ യാദൃശ്ചികതയും.. ഒരു രീതിയില്‍ എന്റെയും നിന്റെയും കണ്ടുമുട്ടലും കേവലം ഒരു യാദൃശ്ചികത മാത്രമല്ലേ....

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.