Thursday, December 9, 2010

അന്നപൂർണ്ണ ഇനിയും വന്നിട്ടില്ല

നേരം സന്ധ്യ മയങ്ങിയിരുന്നു. സുരേഷ് അപ്പോഴും അവളെ കാത്തിരിക്കുകയായിരുന്നു. സന്ധ്യ ചുവന്ന പട്ടു വിരിച്ച വഴിയോരത്തിലൂടെ മറ്റൊരു സന്ധ്യയായി അവൾ - അന്നപൂർണ്ണ വരുന്നതും കാത്ത്..
റോഡിലെ തിരക്ക് ഏറെക്കുറെ കുറഞ്ഞിരുന്നു. ആളുകൾ വീട്ടിലെത്താൻ ധൃതി കൂട്ടുന്നുണ്ടായിരുന്നു. മുറ്റത് കലപില ശബ്ദമുണ്ടാക്കി പറന്നിരുന്ന പക്ഷികൾ പോലും കൂടണഞ്ഞിരുന്നു. എന്നിട്ടും അന്നപൂർണ്ണ മാത്രം വരാത്തതെന്താണ്?
ഇരുട്ട് വീണു തുടങ്ങി. സുരേഷ് എഴുന്നേറ്റ് മുറിയിലേക്ക് നടന്നു. അവന്റെ മനസ്സിലപ്പോൾ അവൾ മാത്രമായിരുന്നു. ഇന്നും അവൾ വന്നില്ലല്ലോ.....
ചുവരിൽ തൂക്കിയിട്ടിരിക്കുന്ന അവളുടെ ചിത്രത്തിലേക്ക് അവനൊന്ന് നോക്കി. അന്നപൂർണ്ണ തന്നെ നോക്കി ചിരിക്കുകയാണോ?
അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അന്നപൂർണ്ണയുടെ ചിരി നിറഞ്ഞു വന്ന കണ്ണുനീരിൽ അവ്യക്തമായി, മാഞ്ഞു പോയി.
മുറിയിലാകെ ഇരുൾ പരന്നിരുന്നു. ഒന്നും വ്യക്തമായി കാണാൻ വയ്യ. ഒരു മെഴുകുതിരി കത്തിച്ചു വെക്കണോ? അതോ ലൈറ്റിടണോ? സുരേഷ് ചിന്തിച്ചു.
അല്ലെങ്കിൽ വേണ്ട. മുഖത്തു നോക്കി ചിരിക്കുന്ന വെളിച്ചത്തിന്റെ കാപട്യം നിറഞ്ഞ മുഖത്തേക്കാൾ നല്ലത് എല്ലാമൊളിപ്പിക്കുന്ന ഈ ഇരുട്ടു തന്നെയാണ്.
അവന്റെ ചിന്തകളെ പരിഹസിക്കുന്നതു പോലെ മാമരങ്ങൾ വിരിച്ച ഇലച്ചാർത്തുകൾക്കിടയിലൂടെ നിലാവ് മുറ്റത്ത് ചിത്രങ്ങൾ വരച്ചു. പക്ഷേ സുരേഷ് നിലാവിനെ അങ്ങേയറ്റം വെറുത്തു കഴിഞ്ഞിരുന്നു. തന്റെ മനസ്സിൽ നിലാവു പരത്താൻ പൂർണ്ണചന്ദ്രനുമാകില്ല.
സുരേഷ് ചിന്തിക്കുകയായിരുന്നു. ഈ നിലാവിന്റെ സുന്ദരമായ മുഖം തനിക്കിനി കാണാൻ കഴിയുമോ? ഇല്ല.... ഒരിക്കലുമില്ല. അന്ധകാരം ആ ഹൃദയത്തിൽ അത്രമാത്രം വ്യാപിച്ചു കഴിഞ്ഞിരുന്നു. അതിനിനി മാറ്റമുണ്ടാകുന്നത് ഒരേയൊരു ദിവസം മാത്രം... അന്നപൂർണ്ണ തിരികെ വരുന്നതെന്നോ അന്ന്...
തന്റെ ഹൃദയത്തിലെ അന്ധകാരത്തിന്റെ നിഴൽ നീക്കി പൂർണ്ണചന്ദ്രന്റെ തെളിച്ചമേകാൻ അവൾ വരുന്നതെന്നാണ്?
ഏതോ വേനൽക്കാറ്റിന്റെ ചൂടിൽ വരണ്ടു കേഴുമീ മനസ്സിന് ദാഹജലമേകാൻ, മഴ കാത്തലയും വേഴാമ്പലിനെ പോലെ തപിക്കുന്ന മനസ്സിന് സാന്ത്വനത്തിന്റെ കുളിർ പകരുവാൻ അവളിനി എത്തുകില്ലേ?
സ്നേഹത്തിന്റെ നിറദീപം കൊളുത്തിക്കൊണ്ട് തന്റെ സ്വപ്നദേവത എന്നു വരും?
സുരേഷ് ഓർത്തു - അന്നപൂർണ്ണയെ ആദ്യമായി കണ്ട ദിവസം; അന്നു രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. സ്വപ്നത്തിൽ പാറിപ്പറക്കുന്ന പൂത്തുമ്പികൾക്കിടയിൽ വർണ്ണച്ചിറകുകൾ വീശി മറ്റൊരു തുമ്പിയായി, വിടർന്നു നിൽക്കുന്ന വർണ്ണപുഷ്പങ്ങൾക്കിടയിൽ നറുസുഗന്ധം പരത്തിക്കൊണ്ട് മറ്റൊരു പൂവായി, തന്റെ സ്വപ്നത്തിലെ മാലാഖയായി അന്നും ഇന്നും അവൾ മായാതെ നിന്നു.
അവളുടെ ഒരു ചിരിയിൽ താൻ കണ്ടത് തന്റെ ഹൃദയം തന്നെയല്ലേ? അന്നാദ്യമായി മനസ്സിന്റെ കോണിലെങ്ങോ തളിർത്ത ആശകൾ പൂത്തുലയുകയായിരുന്നു. സ്നേഹം മനസ്സിൽ കനലായി എരിഞ്ഞ് കടലായി ഒഴുകുകയായിരുന്നു,
വളരെ പെട്ടന്നാണ് മനസ്സിൽ വ്യാകുലതയുടെ സാഗരം അലയടിച്ചുയർന്നത്. അന്നപൂർണ്ണ തന്നിൽ നിന്നകലുകയാണോ?
സ്വപ്നത്തിലെ പൂത്തുമ്പികളുടെ ചിറകൊടിഞ്ഞു.. വർണ്ണപുഷ്പങ്ങൾ വാടിക്കരിഞ്ഞു. മാലാഖ കൂടുവിട്ട് തിരുസവിധത്തിലേക്ക് പറന്നു.. ആശകളാകുന്ന മലർവാടിയിൽ സ്നേഹത്തിന്റെ വർണ്ണപുഷ്പവും കയ്യിലേന്തി ഞാനിന്ന് തനിചു നില്ക്കുകയാണ്. എന്നാലും അന്നപൂർണ്ണ എന്തേ തന്നെ മനസ്സിലാക്കിയില്ല?
ഹൃദയം തകരുന്ന തന്റെയീ വേദന അവളറിയുന്നുണ്ടോ?
പിന്നീടാണ് സത്യാവസ്ഥ മനസ്സിലാക്കിയത്. അന്നപൂർണ്ണക്ക് തന്നോട് സ്നേഹമുണ്ടായിരുന്നു.
പക്ഷേ അവളവിടെ നിസ്സഹായയായിരുന്നു. തന്നിലെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയിട്ടും പ്രതികരിക്കാനാവാതെ , ഒന്നും മനസ്സിലാവാത്ത പോലെ, അത്രമേൽ ദു:ഖം മനസ്സിലടക്കി നിൽക്കാനേ അവൾക്കാവുമായിരുന്നുള്ളൂ. കാൻസർ അത്രമാത്രം ആ ശരീരത്തിനേയും മനസ്സിനേയും കീഴടക്കിക്കഴിഞ്ഞിരുന്നു.
അതെ - അന്നപൂർണ്ണയുടെ നാളുകൾ എണ്ണപ്പെട്ടിരുന്നു. അതിരുകളില്ലാത്ത തന്റെ സ്നേഹം വിദൂരതയുടെ അനന്തതയിലസ്തമിക്കാൻ വിതുമ്പുമ്പോൾ, ഇനി എന്തെന്നറിയാതെ പകച്ചു നിൽക്കുന്ന ആ നിമിഷം താനൊരു സത്യം മനസ്സിലാക്കി.
നമുക്കേറ്റവും പ്രിയപ്പെട്ടതിനെയാണ് ദൈവം നമ്മിൽ നിന്നാദ്യം പറിച്ചെടുക്കുന്നത്....
എങ്കിലും പ്രതീക്ഷയുടെ നേരിയ നാളം തന്റെ മനസ്സിലുണ്ടായിരുന്നു. അവൾക്കു വേണ്ടി താൻ ഒരുപാട് പ്രാർത്ഥിച്ചു. തന്നാലാകുമായിരുന്നതെല്ലാം ചെയ്തു. എന്നിട്ടും.....
എന്നിട്ടും ദൈവമെന്തേ തന്റെ പ്രാർത്ഥന കേട്ടില്ല? എന്തിനവളെ ഇത്ര വേഗം ഈ ഭൂമിയിൽ നിന്നും കൊണ്ടുപോയി?
ഇല്ല- അന്നപൂർണ്ണക്ക് ഈ ലോകം വിട്ടു പോകാനേ കഴിയൂ. തന്റെ മനസ്സു വിട്ട് അവളെങ്ങും പോകില്ല. അവളെ മറക്കാൻ, അങ്ങനെ ചിന്തിക്കാൻ പോലും തനിക്കാകുമോ? ഒരിക്കലുമില്ല. പക്ഷേ അവളെ ഇനിയൊന്ന് കാണാൻ പോലും കഴിയില്ലല്ലോ...
തന്റെ ഹൃദയത്തിൽ അവളെന്നെന്നും ജീവിക്കും. എന്നാലും അവളിന്നില്ലല്ലോ എന്നോർക്കുമ്പോൾ.........
വർഷങ്ങൾ ഏറെ കൊഴിഞ്ഞു പോയി. കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കുമ്പോൾ കണ്ണീരിന്റെ ഓണം വന്നു, ക്രിസ്മസ് വന്നു, പുതുവർഷം വന്നു. എല്ലാം അതിന്റെ മുറ പോലെ തന്നെ വന്നു.
എങ്കിലും വെള്ളിനക്ഷത്രത്തിന്റെ, മാലാഖമാരുടെ നാടു കാണാൻ പോയ നീ മാത്രം ഇനിയും വന്നില്ലല്ലോ...
അന്നപൂർണ്ണേ, നീയൊരിക്കൽ വരുമെന്നു തന്നെ ഞാൻ കരുതുന്നു. എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കാതെ, ഒരിക്കൽ നീയെത്തിച്ചേരുമെന്നു തന്നെ ഞാൻ കരുതുന്നു. കാലമെത്ര കഴിഞ്ഞാലും ഞാനിവിടെ നിന്നെയും കാത്തിരിക്കും .
എത്രയെത്ര അവസരങ്ങളിൽ ഞാൻ നിന്നെ പ്രതീക്ഷിച്ചിരുന്നു... വിഷപാനീയം പോലും അമൃതായി കഴിച്ച് നിന്റെ കാലൊച്ചയും കാതോർത്ത് ഞാനിരുന്നു. പ്രതീക്ഷകൾ മാത്രം ബാക്കിയായി. നീ വന്നില്ല. നിനക്കു പകരമെത്തിയത് എന്റെ അമ്മയുടെ തേങ്ങലും ആശുപത്രി വരാന്തയിലെ കാത്തിരിപ്പിന്റെ നെടുവീർപ്പുകളും..
കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന റെയിലവേ ട്രാക്കിലും ഞാൻ നിന്നെ കാത്തിരുന്നു. കാലത്തിന്റെ ചൂളം വിളിയായി നീ വരുന്നതും കാതോർത്ത്. അവിടെയും നീയെന്നെ കൈ വെടിഞ്ഞു.
എന്നായലും ഒരിക്കൽ നീ വരുമല്ലോ.. മരണം ശാശ്വതമായ സത്യമല്ലേ. വരാതിരിക്കാൻ നിനക്ക് കഴിയില്ലല്ലോ. അതുവരെ ഞാനിവിടെ കാത്തിരിക്കും.
സ്നേഹത്തിന്റെ വിസ്മയങ്ങളിലേക്ക് നീയെന്നെ കൂട്ടിക്കൊണ്ടു പോകാൻ വന്നണയുന്ന ആ ദിനത്തിനായ്....
അങ്ങനെ ഈ രാത്രിയും അവസാനിക്കാറായിരിക്കുന്നു. ഉറക്കമില്ലാതെ കൊഴിഞ്ഞു പോയ കഴിഞ്ഞ രാത്രികളുടെ കൂട്ടത്തിലേക്ക് മറ്റൊരു നിദ്രാവിഹീനമായ രാത്രി കൂടി..
ഇനിയുമെത്രയെത്ര കാത്തിരിപ്പിന്റെ രാത്രികൾ....
അങ്ങകലെ കിഴക്കൻ മലനിരകൾക്കു മുകളിൽ തങ്കക്കിരീടമണിഞ്ഞ്, സുവർണ്ണരഥത്തിലേറി സൂര്യൻ ഭൂമിയെ നൊക്കി ചിരിച്ചു. താഴെ സർവ്വാഭരണവിഭൂഷിതയായ നവസുമംഗലിയായി ഭൂമി വിളങ്ങി.
ചക്രവാളം ചുവന്നു തുടുത്തു. കിളികൾ ചിലച്ചു. അങ്ങനെ പ്രഭാതവും വന്നണഞ്ഞിരിക്കുന്നു.. പക്ഷേ അന്നപൂർണ്ണ ഇനിയും വന്നില്ലല്ലോ.......
വരണ്ട് മരുഭൂമിയായ തന്റെ മനസ്സിലേക്ക് സ്നേഹത്തിന്റെ കുളിർമഴയായി, സാന്ത്വനത്തിന്റെ നിറകതിരായി അവളെത്തുന്നത് ഇനിയെന്നാണ്??

14 comments:

ഋതുസഞ്ജന said...

എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ എഴുതിയതാ. തെറ്റുകളുണ്ടാകാം.. തിരുത്തിയിട്ടില്ല

Elayoden said...

എട്ടാം ക്ലാസ്സില്‍ നിന്ന് തന്നെ ഈ കാത്തിരിപ്പ് തുടങ്ങിയല്ലേ.... വരണ്ട് മരുഭൂമിയായ തന്റെ മനസ്സിലേക്ക് സ്നേഹത്തിന്റെ കുളിർമഴയായി, സാന്ത്വനത്തിന്റെ നിറകതിരായി അന്നപൂര്‍ണ്ണയെ സാങ്കല്‍പ്പിക ലോകത്ത് എന്നുമെന്നും കാത്തിരിക്കുന്ന സുരേഷ്..

ഉഷാറായിട്ടുണ്ടേ....
ഇനി തകര്‍ത്തിയെഴുതിക്കൊള്ളൂ.....അഭിനന്ദനങ്ങള്‍,

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എട്ടും പൊട്ടും തിരിയാത്ത, കുട്ടിത്തം മാറാത്ത എട്ടാം ക്ലാസിലെ തട്ട്പൊളിപ്പന്‍ പ്രായത്തില്‍ ഒരു കുട്ടി എഴുതിയ കഥയാണ്‌ ഇതെന്നു കേട്ടാല്‍ തോന്നില്ല.
ആശംസകള്‍ ...
('അന്നപൂര്‍ണ്ണ' ഒരു ഹോട്ടലിന്റെ പേര് പോലെ തോന്നിക്കുന്നു)

Pushpamgadan Kechery said...

നന്നായി അഞ്ജു. അസ്സലായി ഈ എട്ടാം ക്ലാസ്സിലെ കഥ.
പുതിയ കഥകളും പ്രതീക്ഷിക്കുന്നുണ്ട്.
അഭിനന്ദനങ്ങള്‍...

hafeez said...

കഥ വായിച്ചു. ഒന്പതാം ക്ലാസിലെയും ബാകി ക്ലാസുകളിലെയും കഥകള്‍ പോരട്ടെ...
:)

Anonymous said...

സ്കൂളില്‍ പഠിക്കുന്ന കുട്ടി ഏങ്ങനെ ഇതു ഉള്‍കൊണ്ടു ‌‌എന്നു മനസിലായില്ല...........എന്നെ ഇതൊരുപാട് വേദനിപ്പിച്ചു..........
ഞാനും കാത്തിരിക്കുകയാണ് ഒരിക്കലും തിരിച്ചു വരാത്ത ഒരാള്‍ക്ക്‌ വേണ്ടി..............

Unknown said...

കാത്തിരിപ്പാണല്ലോ എല്ലാം. അപ്പോള്‍ പഠിപ്പിനിടയില്‍ ഇതായിരുന്നു അല്ലെ പണി.

മൻസൂർ അബ്ദു ചെറുവാടി said...
This comment has been removed by the author.
മൻസൂർ അബ്ദു ചെറുവാടി said...

എട്ടാം ക്ലാസിലെ എഴുത്തായല്ല, നല്ല കയ്യടക്കമുള്ള ഒരു എഴുത്തുകാരിയുടെ ട്രീറ്റ്മെന്‍റ് ഈ കഥയില്‍ കാണാം.
നല്ല വാക്കുകളോടെ ഭംഗിയുള്ള അവതരണം.
പക്ഷെ നായിക അന്നപൂര്‍ണ്ണ തന്നെയാണേലും കഥക്കിടെ അന്നപൂര്‍ണ്ണ എന്ന പേര് ഒരുപാട് തവണ ആവര്‍ത്തിച്ചു വരുന്നത് ആസ്വാദനത്തില്‍ ഇത്തിരി വിഷമം ഉണ്ടാക്കി .

jayanEvoor said...

കൊള്ളാം അഞ്ജു.
എട്ടാം ക്ലാസിൽ ഇത്രയുമെഴുതിയല്ലോ.
അഭിനന്ദനങ്ങൾ!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായി അവതരിപ്പിച്ചു

faisu madeena said...

അഞ്ജു ..എങ്ങിനാ ഇതൊക്കെ എഴുതുന്നത്‌ ....!!..വളരെ നന്നായിട്ടുണ്ട് ..എനിക്കിഷ്ട്ടപ്പെട്ടു ...

നമുക്കേറ്റവും പ്രിയപ്പെട്ടതിനെയാണ് ദൈവം നമ്മിൽ നിന്നാദ്യം പറിച്ചെടുക്കുന്നത്....!!!!!!!!!!!!!!!

Manoraj said...

അതെ.. ജയന്‍ ഡോക്ടര്‍ പറഞ്ഞത് തന്നെയാ എനിക്കും തോന്നിയത്. എട്ടില്‍ പഠിക്കുമ്പോള്‍ ഇത്രയും എഴുതിയല്ലോ.. ഇവിടെ മധ്യവയസ്കിയിലും കഴിയുന്നില്ല.. :) അപ്പോള്‍ ഇനിയും നന്നാക്കാന്‍ പറ്റും.

Naushu said...

കൊള്ളാം.... നന്നായിട്ടുണ്ട്....

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.