ഇനി വയ്യ, കൂട്ടുകാരി
അപക്വമായ പുതുലോകത്തിന്റെ
വിപ്ലവ വർത്തമാനങ്ങൾ..
ക്രൂരതയുടെ സന്യാസിമാർ
ഇളം കുഞ്ഞിന്റെ ഹൃത്തിനെ തകർക്കുന്നു.
മരുപ്പച്ചയിൽ പുരണ്ട രക്തം മായ്ക്കാൻ
കടും നിറമുള്ള വീഞ്ഞൊഴിച്ചു കൊടുക്കുന്നു.
അവരുടെ വളർത്തു പട്ടികൾക്ക് വിശപ്പടക്കാൻ
തുടിക്കുന്ന കരളും നനഞ്ഞലിഞ്ഞ നയനങ്ങളും.
അവർക്കു കണ്ണടക്കാൻ ചന്ദനശവപ്പെട്ടിയും
ഇവർക്കെല്ലാം വകഞ്ഞുമാറ്റിയ തെരുവുകളും.
ഇനി വയ്യ, കൂട്ടുകാരി
അപക്വമായ പുതുലോകത്തിന്റെ
സമാധാന സമവാക്യങ്ങൾ..
എന്നമ്മ സ്വതന്ത്രയായിട്ടും പുനർജനിക്കുന്ന
പാർട്ടികളുടെ രക്തസാക്ഷികൾ.
സഖാക്കന്മാർക്കെല്ലാം ഒത്തുകൂടാൻ
അനുസ്മരണ ദിനമുണ്ടാക്കിയവർ..
അന്നു നമുക്കൊരുഗ്രൻ ശാപ്പാടുണ്ടാക്കണം
കൊഴുപ്പിക്കാൻ വെടിക്കെട്ടും നാടകവുമാകാം
അന്നു നമുക്കു രക്തസാക്ഷിയുടമ്മേനേം
ക്ഷണിക്കണം, ആഘോഷിക്കട്ടെയവരും.
പിന്നെ നശിപ്പിച്ച പൊതുമുതലുകളുടെ
കണക്കുകളും സമ്മാനദാനവും.
മറന്നുപോയൊരു പഴമയിൽ ചായമടിച്ച്
പുതിയൊരു വിപ്ലവവുമാകാം
കൂട്ടുകാരീ, എന്റെ നിഗമനങ്ങളിലിനി
വരുന്ന ചിന്തകളാണ്
അമിതപ്രകാശം പതിച്ചവരുടെ
കണ്ണുകൾക്ക് നരബാധിച്ചിരിക്കുന്ന
അത്യഹങ്കാരത്തിന്റെ സൂചിമുനകളാൽ
ഭൂമിയിൽ ഗർത്തങ്ങളുണ്ടാക്കുന്നു.
അത്യാഗ്രഹത്തിന്റെ അസ്ത്രമുനകളാൽ
പാവങ്ങളുടെ ഞരമ്പുകളറുക്കുന്നു.
പാപത്തിൻ വരം വരിച്ചവരുടെ ഹൃദയവും
ക്രൂരതയുടെ ആത്മാവും ഒന്നായിരിക്കുന്നു.
കൂട്ടുകാരി, നമുക്കാശിക്കാം
അത്യുഷ്ണത്താലവരുടെ സിരകളൊന്നായി
അലിഞ്ഞു പോകട്ടെ
ഇരുമ്പുലകളാൽ സാത്താന്മാരൂതുന്ന
നരകങ്ങളവർക്കായി മാറ്റി വെക്കാം.
കൂട്ടുകാരി, ഇനി നമുക്കൊരു
മധ്യപക്ഷത്തിൻ ചിന്തകൾ രചിക്കാം.
സഹനത്തിന്റെ മുൾക്കിരീടവും
പാപമേറ്റെടുക്കലിന്റെ കുരിശുമെടുക്കാം.
പ്രവാചകന്റെ സമാധാന
സമവാക്യങ്ങളും ആ ക്ഷമയുമെടുക്കാം.
പാലാഴി കടഞ്ഞുകിട്ടിയൊരമൃതും
കാർമുകിൽ വർണ്ണന്റെ കുസൃതിയുമെടുക്കാം.
ഖലീഫാ ഉമറിന്റെ പുൽപ്പായയും
ലാളിത്യത്തിന്റെ സിംഹാസനവുമെടുക്കാം.
ഗാന്ധിജിയുടെ വീക്ഷണവും
മാർക്സിന്റെ സാമ്പത്തിക നീതിയും
എല്ലാമെല്ലാം നമുക്ക് കരുതാം.
കൂട്ടുകാരി, എന്നിട്ടവരെ വിളിക്കൂ
ഞാൻ കാണിച്ചു കൊടുക്കാം
ഭൂമിയിൽ എങ്ങിനെയാണ്
സ്വർഗരാജ്യമുണ്ടാക്കുക എന്ന്.